ഇന്ത്യൻ ഓപ്പണർ, ശിഖർ ധവാൻ 2023 ലെ ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളിൽ നിന്നും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നും തന്നെ ഒഴിവാക്കിയതായി കണ്ടെത്തുക ആയിരുന്നു. ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകനായിട്ട് ധവാൻ എത്തുമെന്നാണ് ആദ്യം ഏവരും കരുതിയിരുന്നത്. എന്നാൽ എല്ലാ ഊഹങ്ങളെയും കാറ്റിൽ പറത്തി താരത്തെ ടീമിൽ നിന്നും ഒഴിവാക്കുക ആയിരുന്നു.
അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടെങ്കിലും, കായികക്ഷമതയ്ക്ക് പേരുകേട്ട ധവാൻ തന്റെ പ്രതികരണം വളരെ മനയമായ രീതിയിലാണ് പറഞ്ഞത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. യുവ പ്രതിഭകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ അദ്ദേഹം അംഗീകരിക്കുകയും സാഹചര്യം സംയമനത്തോടെ സ്വീകരിക്കുകയും ചെയ്തു.
“ഏഷ്യൻ ഗെയിംസ് ടീമിൽ എന്റെ പേര് കാണാതിരുന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട്, അവർക്ക് വ്യത്യസ്തമായ ചിന്താഗതിയുണ്ടെന്ന് ഞാൻ കരുതി, നിങ്ങൾ അത് അംഗീകരിക്കണം, ”അദ്ദേഹം പറഞ്ഞു. തന്റെ ഭാവിയെ കുറിച്ച് ഒരു സെലക്‌ടറുമായും ചർച്ച ചെയ്തിട്ടില്ലെന്നും എൻസിഎയിൽ (നാഷണൽ ക്രിക്കറ്റ് അക്കാദമി) സമയം ചിലവഴിക്കുന്നതിലുള്ള തന്റെ ആഹ്ലാദത്തെ കുറിച്ചും ധവാൻ വ്യക്തമാക്കി.
“എന്റെ ഭാവിയെക്കുറിച്ച് ഞാൻ ഒരു സെലക്ടർമാരോടും സംസാരിച്ചിട്ടില്ല. ഞാൻ പതിവായി എൻസിഎ സന്ദർശിക്കുകയും അവിടെയുള്ള സമയം സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. സൗകര്യങ്ങൾ മികച്ചതാണ്. എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ എൻസിഎ ഒരു പ്രധാന പങ്ക് വഹിച്ചു, അതിന് ഞാൻ നന്ദിയുള്ളവനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റ് ഇനത്തിൽ ഇന്ത്യ സ്വർണം നേടിയത് ശ്രദ്ധേയമാണ്.