ബോർഡർ-ഗവാസ്കർ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിൻ്റെ സെലക്ഷൻ രവിചന്ദ്രൻ അശ്വിനെ പരമ്പരയുടെ മധ്യത്തിൽ വിരമിക്കാൻ നിർബന്ധിതനാക്കിയെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ പറഞ്ഞു. ബ്രിസ്ബേനിലെ ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ആ തീരുമാനം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു.
അശ്വിനെ സംബന്ധിച്ച് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇടം കിട്ടിയപ്പോൾ അദ്ദേഹം പ്രതീക്ഷിച്ചത് ടീമിൽ അവസരം കിട്ടുമെന്ന് ആയിരുന്നു എങ്കിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ താരത്തിന് പകരം പരിഗണിച്ചത് വാഷിംഗ്ടൺ സുന്ദറിനെ ആയിരുന്നു. രണ്ടാം ടെസ്റ്റിൽ അശ്വിന് അവസരം കിട്ടി എങ്കിലും മികച്ച പ്രകടനം നടത്താനായില്ല. മൂന്നാം മത്സരത്തിൽ ആകട്ടെ ജഡേജ കടന്നുവരികയും ചെയ്തു. അതോടെ ഇനി പരമ്പരയിൽ അവസരം കിട്ടില്ല എന്ന് ഉറപ്പിച്ച അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ മണ്ണിൽ വിക്കറ്റുകൾ വാരിക്കൂട്ടി എതിരാളികളെ പൂട്ടുന്ന അശ്വിന്റെ മികവ് തൊട്ടുമുമ്പ് ന്യൂസിലൻഡിനെതിരായ പരമ്പരയിലും കാണാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 14.12 ശരാശരിയിൽ 16 വിക്കറ്റുകളാണ് സുന്ദർ നേടിയത്. അതും കൂടി ഓർത്തതോടെ അശ്വിൻ വിരമിക്കൽ ഉറപ്പിച്ചു.
അശ്വിൻ്റെ വിരമിക്കലിനെ കുറിച്ച് ഭരത് അരുൺ ഇങ്ങനെ പറഞ്ഞു.
“ആദ്യ ടെസ്റ്റിൽ അശ്വിനെ ബെഞ്ചിലിരുത്തി വാഷിംഗ്ടൺ സുന്ദറിന് മുൻഗണന നൽകി. അത് അശ്വിനെ വേദനിപ്പിച്ചു. പണ്ട് രവീന്ദ്ര ജഡേജ അദ്ദേഹത്തിന് മുന്നിൽ കളിച്ചു, അദ്ദേഹം അത് സ്വീകരിച്ചതുമാണ് . എന്നാൽ, ഇത്തവണ തനിക്ക് പകരം സുന്ദറുമായി മുന്നോട്ട് പോകാനുള്ള ടീം മാനേജ്മെൻ്റിൻ്റെ തീരുമാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല, ”അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ പ്രാഥമിക സ്പിന്നർ ആയിരുന്നെങ്കിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുമായിരുന്നുവെന്നും ഭരത് അരുൺ കരുതുന്നു.
“ഇന്ത്യയ്ക്ക് പുറത്തുള്ള മത്സരങ്ങളിൽ ബാറ്റിംഗ് കാരണം ജഡേജ അശ്വിനേക്കാൾ മുന്നിലായിരുന്നു. ജഡേജയെ തിരഞ്ഞെടുത്തതിൻ്റെ കാരണം ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. ഞാൻ അത് പറഞ്ഞപ്പോൾ അശ്വിൻ സ്നേഹത്തോടെ എന്നെ കേട്ടു. എന്നിരുന്നാലും, ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ തന്നോട് പെരുമാറിയ രീതി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അവസരം നൽകിയിരുന്നെങ്കിൽ അദ്ദേഹം കളിക്കുന്നത് തുടരുമായിരുന്നു” അദ്ദേഹം പറഞ്ഞു.
“ആദ്യ ടെസ്റ്റിൽ അവർ അവനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഈ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, തൻ്റെ സമയം അവസാനിച്ചുവെന്ന് അദ്ദേഹം കരുതിയിരിക്കാം, ”അരുൺ കൂട്ടിച്ചേർത്തു.