ജഡേജക്ക് മുന്നറിയിപ്പ് നൽകണമായിരുന്നു, മോശം പ്രവർത്തിയാണ് അവൻ ചെയ്തത്; ഇന്ത്യൻ താരത്തിനെതിരെ ആരോപണവുമായി സൈമൺ ഡൗൾ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ സ്പിന്നർമാരുടെ മികവിൽ 45.3 ഓവറിൽ 205 റൺസിന് പുറത്താക്കിയാണ് ഇന്ത്യ ആധികാരിക ജയത്തോടെ ഗ്രുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. നാളെ നടക്കുന്ന സെമി പോരിൽ അവർ ഓസ്‌ട്രേലിയയെ നേരിടും.

ഇന്നലെ നടന്ന പോരിൽ ഇന്ത്യക്കായി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ നേടിയപ്പോൾ കുൽദീപ് യാദവ് രണ്ടും ജഡേജ അക്‌സർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തുകയാണ് ചെയ്തത്. ഇതിൽ വരുണിന്റെ തകർപ്പൻ പ്രകടനം വാർത്തകളിൽ ഇടം നേടിയപ്പോൾ പിശുക്ക് കാണിച്ച് പന്തെറിഞ്ഞ മറ്റ് താരങ്ങളും മോശമാക്കിയില്ല എന്ന് പറയാം.

ന്യൂസിലൻഡിൻ്റെ 33-ാം ഓവറിൽ ടോം ലാതമിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി തന്റെ സംഭാവന ടീമിന് നൽകി. കിവി ബാറ്റർ ഒരു റിസർവ് സ്വീപ്പ് കളിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാളിയതോടെ താരം കുടുങ്ങുക ആയിരുന്നു. എന്തായാലും വിക്കറ്റിനായി ജഡേജ അപ്പീൽ ചെയ്ത രീതി മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൗളിന് ഇഷ്ടപ്പെട്ടില്ല. അപ്പീൽ ചെയ്യാനും ആഘോഷിക്കാനും പിച്ചിന്റെ മധ്യഭാഗത്തേക്ക് ഓടിയെത്താൻ അദ്ദേഹത്തെ ചൊടിപ്പിച്ച കാര്യം.

“നിങ്ങൾ അത് നോക്കിയോ? അത് ഒരു താരത്തിനും ചെയ്യാൻ കഴിയില്ല. അവൻ്റെ പ്രവൃത്തിക്ക് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു, ”അദ്ദേഹം പറഞ്ഞു.

എന്തായാലും നാളെ നടക്കുന്ന മത്സരത്തിൽ ജയിച്ച് ഫൈനലിൽ ഇടം നേടാൻ ഇന്ത്യ ശ്രമിക്കുമ്പോൾ എതിരാളി ഓസ്ട്രേലിയ ആയതിനാൽ തന്നെ മത്സരം കടുക്കും എന്ന് ഉറപ്പാണ്.

Read more