വിന്‍ഡീസ് ടീമിന്റെ സര്‍വപ്രതാപത്തെ കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയാവുന്നതാണ്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായിരുന്നവരുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. എന്നാല്‍ ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷ നല്‍കുകയാണ് ജേസണ്‍ ഹോള്‍ഡറുടെ നേതൃത്വത്തിലുള്ള വിന്‍ഡീസ് പട. ഇംഗ്ലണ്ടിനെതിരെയുള്ള വിന്‍ഡീസിന്റെ ടെസ്റ്റ് വിജയം ആ അങ്കപുറപ്പാടിന്‍റെ സൂചനയാവണം.
ഇംഗ്ലണ്ടിനെതിരായ മത്സരവിജയത്തോടെ ഹോള്‍ഡര്‍ വിന്‍ഡീസിന്റെ വിജയശില്‍പികളായ നായകന്മാരുടെ റെക്കോഡ് പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. 33 ടെസ്റ്റുകളില്‍ വിന്‍ഡീസിനെ നയിച്ച ഹോള്‍ഡറുടെ 11 -മത്തെ ജയമാണ് കഴിഞ്ഞ ദിവസത്തേത്. ഇതോടെ വിന്‍ഡീസിന് കൂടുതല്‍ ടെസ്റ്റ് വിജയം സമ്മാനിച്ച് നായകന്മാരുടെ പട്ടികയില്‍ ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്ത് എത്തി.
74 ടെസ്റ്റുകളില്‍ നിന്ന് 36 വിജയങ്ങള്‍ സമ്മാനിച്ച ക്ലൈവ് ലോയ്ഡാണ് പട്ടികയില്‍ ഒന്നാമത്. 12 മത്സരങ്ങളാണ് തോറ്റത്. 50 ടെസ്റ്റുകളില്‍ നിന്ന് 27 വിജയങ്ങള്‍ സമ്മാനിച്ച വിവിയന്‍ റിച്ചാര്‍ഡ്‌സാണ് പട്ടികയില്‍ രണ്ടാമന്‍. റിച്ചി റിച്ചാര്‍ഡ്സിനൊപ്പമാണ് ഹോള്‍ഡര്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. 24 ടെസ്റ്റുകളില്‍ നായകനായിരുന്ന റിച്ചി റിച്ചാര്‍ഡ്സണ്‍ 11 തവണ ടീമിന് ജയം സമ്മാനിച്ചിട്ടുണ്ട്.
47 ടെസ്റ്റുകളില്‍ നിന്നും 10 ജയങ്ങള്‍ സമ്മാനിച്ച് ലാറയെ പിന്നിലാക്കിയാണ് ഹോള്‍ഡറുടെ കുതിപ്പ്. 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് വിന്‍ഡീസ് ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയിലെ ആദ്യ മത്സരം ജയിക്കുന്നതെന്ന പ്രത്യേകതയും സൗതാംപ്ടണിലെ ജയത്തിനുണ്ട്.