രാജസ്ഥാനെതിരായ ഇന്നലത്തെ മത്സരം സൂപ്പര്‍ ഓവര്‍ വരെ എത്തിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. വിജയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക ബോളിങ് നിര്‍ണായക പങ്കാണ് വഹിച്ചത്. ആദ്യ ബാറ്റിങ്ങില്‍ 11 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ രാജസ്ഥാന് എടുക്കാന്‍ സാധിച്ചത്. ഇത് അനായാസം മറികടന്ന് വിജയം നേടാന്‍ ഡല്‍ഹി ബാറ്റര്‍മാര്‍ക്കായി. സ്റ്റാര്‍ക്കിനെ പോലെ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ ഓവറില്‍ തന്റെ ടീമിനെ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ബുംറ തന്റെ എറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തത്.
ആദ്യ ബാറ്റിങ്ങില്‍ 154 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്ത് ലയണ്‍സ് മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വച്ചത്. എന്നാല്‍ നിശ്ചിത ഓവറില്‍ മുംബൈക്ക് 153 റണ്‍സെടുക്കാനെ സാധിച്ചുളളൂ. കളി ടൈ ആയപ്പോള്‍ സൂപ്പര്‍ ഓവറിലേക്ക് പോവുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് മുംബൈ 11 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് അനായാസം വിജയം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ബുംറയുടെ ഡെത്ത് ബോളിങ് അവരുടെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചു. ബ്രെണ്ടന്‍ മക്കല്ലത്തിനും ആരോണ്‍ ഫിഞ്ചിനും ഗുജറാത്തിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ആറ് റണ്‍സ് മാത്രമാണ് ബുംറയുടെ ഓവറില്‍ ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്.
Read more
അന്ന് നാല് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തും തിളങ്ങിയിരുന്നു ബുംറ. അന്നത്തെ പ്രകടനത്തിലൂടെയെല്ലാമാണ് ബുംറ പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായി മാറിയത്. മുംബൈയില്‍ നിന്നും ഇന്ത്യന്‍ ടീമിലുമെത്തി സ്ഥിരാംഗമായി മാറുകയായിരുന്നു ബുംറ. ലോകത്തിലെ തന്നെ എറ്റവും മികച്ച ഡെത്ത് ഓവര്‍ ബോളറായി ഇന്ന് എത്തിനില്‍ക്കുന്നതാണ് ജസ്പ്രീത് ബുംറയുടെ വളര്‍ച്ച.