IPL 2025: കൊച്ചുങ്ങള്‍ എന്തേലും ആഗ്രഹം പറഞ്ഞാ അതങ്ങ് സാധിച്ചുകൊടുത്തേക്കണം, കയ്യടി നേടി ജസ്പ്രീത് ബുംറ, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐപിഎലില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണ് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലുണ്ടാക്കിയത്. ബുംറയുടെ വരവ് അവരുടെ ബോളിങ് ലൈനപ്പിന് വീണ്ടും കരുത്തുകൂട്ടിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ മുംബൈ നേടിയതില്‍ ബുംറയും നിര്‍ണായക പങ്കാണ് വഹിച്ചിട്ടുളളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ കഴിഞ്ഞ കളിയില്‍ നാല് വിക്കറ്റുകള്‍ നേടി ബുംറ ടീമിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു. നിലവില്‍ പോയിന്റ് ടേബിളില്‍ 10 കളികളില്‍ നിന്നും ആറ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുകളാണ് മുംബൈയ്ക്കുളളത്.

അതേസമയം ലഖ്‌നൗവിനെതിരായ മത്സരശേഷം ബുംറയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒരു കുട്ടി ആരാധകന്റെ ആഗ്രഹം ബുംറ സഫലമാക്കുന്നതാണ് വീഡിയോയിലുളളത്. ലഖ്‌നൗ താരം ഷാര്‍ദുല്‍ താക്കൂറിനെയും ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്. സ്‌റ്റേഡിയത്തില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെ ഷാര്‍ദുല്‍ താക്കൂറിനോട് ഒരു കുട്ടി ആരാധകന്‍ ബുംറയെ കാണണമെന്നും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കണമെന്നും ആവശ്യപ്പെടുകയാണ്.

തുടര്‍ന്ന് ഷാര്‍ദുല്‍ ഇക്കാര്യം ബുംറയോട് പറയുകയും താരം കുട്ടികള്‍ക്കരികിലെത്തി സംസാരിച്ച് ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്യുകയാണ്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയായിരുന്നു ബുംറയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് താരം ക്രിക്കറ്റില്‍ വീണ്ടും സജീവമായത്. ബുംറയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവില്‍ നിര്‍ണായ പങ്കുവഹിച്ചു.