ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 300 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ കളിക്കാരന്‍ കൂടിയാണ് ബുംറ. 238 മത്സരങ്ങളില്‍ നിന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 208 മത്സരങ്ങളില്‍ നിന്ന് 300 വിക്കറ്റ് തികച്ച ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് ഒന്നാമത്.
ഭുവനേശ്വര്‍ കുമാറാണ് ടി20 ക്രിക്കറ്റില്‍ ആദ്യമായി 300 വിക്കറ്റുകള്‍ നേടിയ ഇന്ത്യക്കാരന്‍. നിലവില്‍ 318 വിക്കറ്റുകളുണ്ട് താരത്തിന്. യൂസ്‌വേന്ദ്ര ചഹല്‍, പിയൂഷ് ചൗള തുടങ്ങിയവരും ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റ് നേട്ടത്തിലെത്തിയ ഇന്ത്യക്കാരാണ്. ഐപിഎലില്‍ ഇതുവരെ 170 വിക്കറ്റുകളാണ് ബുംറയ്ക്കുളളത്. മുംബൈയുടെ മുന്‍താരം ലസിത് മലിംഗയ്ക്കും ഇതേ വിക്കറ്റുകളാണുളളത്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഇവര്‍ രണ്ട് പേരുമാണ്.
അതേസമയം മുംബൈയ്‌ക്കെതിരെ ആദ്യ ബാറ്റിങ്ങില്‍ 143 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട മത്സരത്തില്‍ ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന്‍, അഭിനവ് മനോഹര്‍ തുടങ്ങിയവര്‍ മാത്രമാണ് തിളങ്ങിയത്. ക്ലാസന്‍ 71ഉം അഭിനവ് 43 റണ്‍സെടുത്ത് ടീമിന്റെ രക്ഷകരായി. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ടും ബുംറ, പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.