പരിക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. ആദ്യം കണ്ടെത്തിയതിനേക്കാള്‍ ഗുരുതരമാണ് ബുംറയുടെ പരിക്കെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനാല്‍ വരുന്ന ഐപിഎല്‍ സീസണും ജൂണിലെ ലോക ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ബുംറയ്ക്ക് നഷ്ടമാകും.
കടുത്ത നടുവേദനയെ തുടര്‍ന്നാണ് താരം കളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 2022 സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരേ നടന്ന ടി20 മത്സരത്തിലാണ് ബുംറ അവസാനമായി കളത്തിലിറങ്ങിയത്. പിന്നീട് അഞ്ച് മാസത്തോളമായി താരം ടീമിന് പുറത്താണ്.
ബുംറയെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി സജ്ജനാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതിനാല്‍ താരത്തിന് തിരിച്ചുവരാന്‍ പരമാവധി സമയം അനുവദിക്കുകയാണ് ബിസിസിഐ.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ നാട്ടിലെ പരമ്പരകള്‍ ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു.
റെഡ് ബോളില്‍ ബുംറയുടെ അഭാവത്തില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും ബുംറയുടെ തിരിച്ചുവരവ് ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേ ഉണ്ടായിരുന്നുള്ളൂ.