ചാമ്പ്യന്‍സ് ട്രോഫി: ഓസീസ് കരുത്ത് ചോരുന്നു, മൂന്നാമതൊരു താരം കൂടി പുറത്ത്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന് മുമ്പായി ഓസ്ട്രേലിയയ്ക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, വിരമിച്ച മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ക്ക് പുറമേ സ്പീഡ്സ്റ്റര്‍ ജോഷ് ഹേസില്‍വുഡും പരിക്ക് കാരണം ടൂര്‍ണമെന്റില്‍നിന്ന് ഔദ്യോഗികമായി പുറത്തായി.

ടീമിന് അടിയന്തിര പകരക്കാരെ ആവശ്യമുള്ളതിനാല്‍, സ്‌ക്വാഡിനെ അന്തിമമാക്കുന്നതിനുള്ള ഫെബ്രുവരി 12 സമയപരിധിക്ക് മുമ്പായി സെലക്ടര്‍മാര്‍ കടുത്ത തീരുമാനങ്ങളെ അഭിമുഖീകരിക്കുകയാണ്. കമ്മിന്‍സിനെയും ഹേസില്‍വുഡിനെയും ടീമില്‍നിന്ന് ഒഴിവാക്കിയതായി ഓസ്ട്രേലിയയുടെ സെലക്ഷന്‍ ചെയര്‍ ജോര്‍ജ്ജ് ബെയ്ലി സ്ഥിരീകരിച്ചു. രണ്ട് ബോളര്‍മാരും ദീര്‍ഘകാല പുനരധിവാസത്തിന് വിധേയരാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വെളിപ്പെടുത്തി.

പാറ്റും ജോഷും പരിക്ക് കാരണം ചാമ്പ്യന്‍സ് ട്രോഫിക്ക് ലഭ്യമല്ല. നിരാശാജനകമാണെങ്കിലും മറ്റ് കളിക്കാര്‍ക്ക് ഒരു ലോക ഇവന്റില്‍ ഓസ്ട്രേലിയയ്ക്കായി പ്രകടനം നടത്താനുള്ള മികച്ച അവസരമാണ് ഇത് നല്‍കുന്നത്- ബെയ്ലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി സംഘത്തിന്റെ ഭാഗമായിരുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഏകദിന ടീമില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ അവസരങ്ങള്‍ കുറഞ്ഞ് പോകുന്നെന്ന കാരണത്തിലാണ് താരത്തിന്റെ വിരമിക്കല്‍.