കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ബാറ്റിംഗ് ഓപ്പണിംഗിന് ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്തി എതിരാളികൾക്ക് തുടക്കത്തിൽ തന്നെ ഗംഭീര ഷോക്ക് കൊടുക്കുന്ന രീതി തുടരുകയാണ് സുനിൽ നരെയ്ൻ. ബാറ്റിംഗിൽ മികവ് കാണിക്കുന്നുണ്ടെങ്കിലും വെസ്റ്റ് ഇൻഡീസ് മിസ്റ്ററി സ്പിന്നർ കൊൽക്കത്തയിലെ ബാറ്ററുമാരുടെ ടീം മീറ്റിംഗ് നടക്കുമ്പോൾ അവിടെ ഉണ്ടാകാറില്ല എന്നാണ് ഇന്നലെ മത്സരശേഷം ശ്രേയസ് അയ്യർ പറഞ്ഞത്, ഐപിഎൽ 2024-ൽ നൈറ്റ് റൈഡേഴ്‌സിൻ്റെ ശക്തമായ തുടക്കത്തിന് ഈ സീസണിൽ നരെയ്ൻ നൽകിയ സംഭാവനകൾ വലുതായിരുന്നു.
ഐപിഎല്ലിൽ 14 പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ സുനിൽ നരെയ്ൻ നേടിയിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തിൻ്റെ തകർപ്പൻ ഇന്നിംഗ്‌സ് കെകെആറിനെ സ്‌കോർ ബോർഡിൽ 272 റൺസ് എടുക്കാൻ സഹായിച്ചു. ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് കെകെആർ ഉയർത്തിയത് . 39 പന്തിൽ 7 സിക്‌സറുകളും 7 ബൗണ്ടറികളും സഹിതം നരെയ്ൻ 85 റൺസ് നേടി.
നരെയ്ൻ ഫാസ്റ്റ് ബൗളർമാരെ നന്നായി ആക്രമിച്ചു, ഇഷാന്ത് ശർമ്മയുടെ ഒരു ബൗൺസർ പോലും സിക്സിന് പറത്തി. “ക്രിക്കറ്റ് എന്നത് ബാറ്റിംഗിനെക്കുറിച്ചാണ്, അതിനാൽ ഒരു ബാറ്ററായി കൂടുതൽ സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ ഇപ്പോഴും ബൗളിംഗ് ആസ്വദിക്കുന്നു,” നരെയ്ൻ അഭിപ്രായപ്പെട്ടു.
“എൻ്റെ റോളിനെക്കുറിച്ച് എനിക്കറിയാം. അധികം അറിയാതെ ഇത്തരത്തിൽ ഒരു പോരാട്ടത്തിന് ഇറങ്ങുന്നതാണ് നല്ലത്.” ബാറ്റർമാരുടെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് പിന്നിലെ കാരണം നരെയ്ൻ പറഞ്ഞു.