ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് ലീഗുമായി കേരള ക്രിക്കറ്റ് ആസോസിയേഷന്‍. മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകള്‍ കേരള ക്രിക്കറ്റില്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ലീഗിന്റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വനിതകള്‍ക്കും ഇത്തരം പ്രഫഷണല്‍ ലീഗ് സംഘടിപ്പിക്കുന്നത് കെസിഎയുടെ ആലോചനയിലുണ്ട്.