'ഷഹീന്‍ അഫ്രീദിയെയും ബാബര്‍ അസമിനെയും വീട്ടില്‍ ഇരുത്തുക'; അക്രത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്

സ്റ്റാര്‍ താരങ്ങളായ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ രസത്തിലല്ലെന്ന വസീം അക്രത്തിന്റെ വാദം തള്ളി പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹ്‌മൂദ്. ജൂണ്‍ 9 ന് ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷമാണ് അക്രം ടീമിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ടീമിലെ രണ്ട് മികച്ച കളിക്കാരായ ബാബറും ഷഹീനും തര്‍ക്കത്തിലാണെന്നും രണ്ട് കളിക്കാരെയും വീട്ടില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നും പേസ് ഇതിഹാസം പറഞ്ഞു.

കാനഡയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ്, അക്രം മുന്നോട്ടുവച്ച വിമര്‍ശനത്തെ മഹമൂദ് തള്ളി. യഥാര്‍ത്ഥത്തില്‍ നല്ല സുഹൃത്തുക്കളായ രണ്ട് കളിക്കാര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് ഉറപ്പിച്ചു.

വസീം ആ പ്രസ്താവന നടത്തിയിരിക്കാം. പക്ഷേ എനിക്ക് ഉറപ്പില്ല. ഞാന്‍ അത് കാണാത്തതിനാല്‍, എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഷഹീനും ബാബറും ഒരു തര്‍ക്കത്തിലല്ലെന്ന് എനിക്കറിയാം, അവര്‍ പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ്- മഹമൂദ് മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്റെ ടി20 ലോകകപ്പ് പ്രചാരണം ഇതുവരെ നിരാശാജനകമാണ്. കളിച്ച മൂന്ന് കളികളില്‍ രണ്ടിലും അവര്‍ തോറ്റു. കാനഡയ്‌ക്കെതിരെ ഇന്നല നടന്ന മത്സരത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഇന്ത്യക്കെതിരായ അവരുടെ മോശം ബാറ്റിംഗ് പ്രകടനം ആരാധകരെ നിരാശരാക്കി. നിലവാരത്തില്‍ താഴെയുള്ള പ്രകടനങ്ങളുടെ ഉത്തരവാദിത്തം മാനേജ്മെന്റ് ഏറ്റെടുക്കുമെന്ന് മഹമൂദ് സമ്മതിച്ചു.

ഒരു ടീം എന്ന നിലയില്‍, ഈ ഫലത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ എല്ലാവരും പങ്കിടുന്നു. ഇത് ഏതെങ്കിലും വ്യക്തിയുടെ പരാജയം കൊണ്ടല്ല, മറിച്ച് നമ്മുടെ കൂട്ടായ തെറ്റാണ്- മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു.