രഞ്ജി ട്രോഫിയില്‍ കേരളത്തിന് കനത്ത തിരിച്ചടി; 176ന് പുറത്ത്

രഞ്ജി ക്വാര്‍ട്ടറില്‍ വിദര്‍ഭയ്‌ക്കെതി കേരളം ലീഡ് വഴങ്ങി. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246 റണ്‍സിനെതിരെ കേരളം 176 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വിദര്‍ഭ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങി വിദര്‍ഭ വിക്കറ്റ് നഷ്ടപ്പെടാതെ 26 റണ്‍സ് എടുത്തിട്ടുണ്ട്. ഇനി മത്സരം പരമാവധി നീട്ടികൊണ്ട് പോയി സമനിലയിലാക്കാനാണ് വിദര്‍ഭ ശ്രമിക്കക.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗുര്‍ഭനിയാണ് കേരളത്തെ തകര്‍ത്തത്. 14 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയാണ് ഗുര്‍ഭാനി കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

40 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ടോപ് സ്‌കോറര്‍. 29 റണ്‍സെടുത്ത രോഹണ്‍ പ്രേം, 32 റണ്‍സെടുത്ത സഞ്ജു സാംസണ്‍ 29 റണ്‍സെടുത്ത സച്ചിന്‍ ബേബി, 21 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക് എന്നിവരാണ് കേരള നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. കേരള ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും വലിയ സ്‌കോര്‍ കെട്ടി പടുക്കാനാവാക്കത് തിരിച്ചടിയായി.

കേരളത്തിന്റെ വാലറ്റം പിടിച്ചു നില്‍ക്കാന്‍ പോലും ശ്രമിക്കാതെയാണ് തകര്‍ന്നടിഞ്ഞത്. വലിയ ഇന്നിങ്‌സ് കണ്ടെത്താനാകാതെ മധ്യനിര കുഴങ്ങിയതും കേരളത്തിന് തിരിച്ചടിയായി. 117 പന്തില്‍ 40 റണ്‍സെടുത്ത് ജലജ് എ വഖാറിന്റെ പന്തില്‍ യു. ശ്രീവാസ്തവയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. സഞ്ജു.വി.സാംസണ്‍(60 പന്തില്‍ 32) ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ വിദര്‍ഭ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. വാലറ്റം അസാമാന്യ പോരാട്ടവീര്യം കാഴ്ച്ചവെച്ച മത്സരത്തില്‍ 246 റണ്‍സാണ് വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. 9ന് 193 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന വിദര്‍ഭയെ പത്താം വിക്കറ്റില്‍ വഖാരെയും (27 നോട്ടൗട്ട്) ലളിത് യാദവും (24) ചേര്‍ന്ന് നേടിയ 53 റണ്‍സ് 246ല്‍ എത്തിച്ചു.

ഏഴാമതായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ വാഡ്കറും (53) എട്ടാമതായി ഇറങ്ങിയ സര്‍ത്തും (36) വിദര്‍ഭയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുന്നവരാകും സെമിയിലേക്ക് യോഗ്യത നേടുകയെന്നതിനാല്‍ കരുതലോടെയായിരുന്നു വിദര്‍ഭയുടെ നീക്കം.

നേരത്തെ, കെ.സി.അക്ഷയ്യുടെ തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് കരുത്തരായ വിദര്‍ഭയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സഹായകരമായത്. 31 ഓവറില്‍ 66 റണ്‍സ് മാത്രം വഴങ്ങി കേരളത്തിന്റെ ഈ പുതിയ ബോളിങ് ഹീറോ അഞ്ച് വിക്കറ്റു വീഴ്ത്തി. ജലജ് സക്‌സേന മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.