കൂറ്റന്‍ വിജയലക്ഷ്യം; രഞ്ജിയില്‍ കേരളം പുറത്തേയ്ക്ക്

രഞ്ജി ട്രോഫിയില്‍ കേരളം പുറത്തേയ്ക്ക്. സൂററ്റില്‍ അത്ഭുതം സംഭവിച്ചാല്‍ മാത്രമാണ് രഞ്ജി ട്രോഫിയില്‍ സെമിയിലെത്താന്‍ ഇനി കേരളത്തിനാകൂ. വിദര്‍ഭ മുന്നോട്ട് വെച്ച 578 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കേരളം അവസാന ദിവസമായ ഇന്ന് മൂന്നിന് 124 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധ സെഞ്ച്വറിയുമായി സല്‍മാന്‍ നിസാറും 18 റണ്‍സുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), സഞ്ജു സാംസണ്‍ (18), ജലജ് സക്‌സേന (0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫസല്‍, എ.വി വാംഖഡെ, അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കിയ വസീം ജാഫര്‍, ഗണേഷ് സതീഷ്, വാഡ്കര്‍ എന്നിവരാണ് വിദര്‍ഭയെ രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി അക്ഷയ് കെ. സി നാലും ജലജ് സക്‌സേന മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

സെമി ഫൈനലിലേക്ക് കടക്കണമെങ്കില്‍ വിജയം അനിവാര്യമായ കേരളത്തിന്റെ ഈ സീസണ്‍ രഞ്ജി പ്രതീക്ഷകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിവസം 576 റണ്‍സ് നേടുക എന്നത് അസാധ്യമായ കാര്യമാണ്.

നേരത്തെ വിദര്‍ഭയെ ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന് പുറത്താക്കിയ കേരളത്തിന് എളുപ്പത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാമായിരുന്നെങ്കിലും നിരുത്തരവാദപരമായി ബാറ്റ് വീശിയ കേരളാ താരങ്ങള്‍ ആ അവസരം കളഞ്ഞു കുളിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ മത്സരത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞേനേ.