വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്റെ ബൗണ്‍സര്‍ കൊണ്ട് ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്ക്ക് പരിക്ക്. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്റെ പന്ത് താടിയെല്ലില്‍ കൊണ്ട് പരിക്കേറ്റ് ഖവാജ ചോര തുപ്പി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. ഖവാജയയെ സ്‌കാനിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖവാജയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മസ്തിഷ്‌കാഘാതം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം താടിയെല്ല് ഒടിവില്‍ നിന്നും രക്ഷപ്പെട്ടതായും സ്‌കാനിംഗില്‍ കണ്ടെത്തി. എന്നിരുന്നാലും, ശനിയാഴ്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വീണ്ടും സ്‌കാനിംഗിന് വിധേയനാക്കും. ജനുവരി 25 ന് ഗാബയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിക്കാനാകുമോ എന്ന് സംശയമുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ പത്ത് വിക്കറ്റിന്റെ അനായാസ ജയം നേടി പരമ്പര 1-0ന് മുന്നിലെത്തി. 11 റണ്‍സോടെ സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്‌നും പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖവാജ ഒമ്പത് റണ്‍സെടുത്ത് പരിക്കേറ്റ് മടങ്ങി.
ഖവാജയുടെ സ്‌ക്‌നാംഗില്‍ പരിക്ക് ഗുരുതരമാണെങ്കില്‍ മാത്രം രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് മാറ്റ് റെന്‍ഷോയെ തിരിച്ചുവിളിച്ചേക്കും.