കിവിസ് അല്ല ഇന്ത്യക്ക് ഇവർ പാരാസ്, 1999 മുതൽ ഇവന്മാർ ഇന്ത്യയോട് ചെയ്തത് വമ്പൻ ദ്രോഹം; വേറെ ഒരു ടീമിനും സാധിക്കാത്ത കാര്യം

ഇന്ത്യയെ സംബന്ധിച്ച് ന്യൂസിലാന്റ് ഈ കാലങ്ങളിൽ എല്ലാം വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് ഉണ്ടാക്കിയ ടീമാണ്. 2019 ലോകകപ്പ് സെമിഫൈനൽ ആണെങ്കിലും 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ആണെങ്കിലും ഇന്ത്യയുടെ വഴികളിൽ തടസം നിന്നിട്ടുള്ള ടീമാണ് ന്യൂസിലാന്റ്. ഈ കാലങ്ങളിൽ ഇന്ത്യ ഒരുപാട് വിജയങ്ങൾ കിവീസിന് എതിരെ സ്വന്തമാക്കിയിട്ട് ഉണ്ടെങ്കിലും വലിയ സ്റ്റേജിലേക്ക് വരുമ്പോൾ കിവീസ് ഒരൽപ്പം ആധിപത്യം കാണിച്ചിട്ടുണ്ട് എന്ന് പറയാം.

ഇത് മാത്രമല്ല ഇന്ന് പുറത്തുവന്ന മറ്റൊരു കണക്കും ഞെട്ടിപ്പിക്കുന്നതാണ്. ബാംഗ്ലൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലാന്റിന് എതിരെ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 27 – 3 എന്ന നിലയിലാണ് ടീം നിൽക്കുന്നത്. ഓപ്പണറും നായകനുമാറ് രോഹിത് ( 2 ) വിരാട് കോഹ്‌ലി ( 0 ) സർഫ്രാസ് ഖാൻ ( 0 ) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

1999 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യ 10 റൺസോ അതിന് താഴെയോ എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത് 3 തവണയാണ്. ന്യൂസിലാന്റ് ആയിരുന്നു ഈ മൂന്ന് തവണയും ഇന്ത്യയുടെ എതിരാളികൾ. 1999 ൽ മൊഹാലിയിൽ ഇന്ത്യ 7 റൺ എടുക്കുന്നതിന് ഇടയിൽ 3 വിക്കറ്റ് നഷ്ടപെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അഹമ്മദാബാദിൽ 2010 ൽ 2 റൺ എടുക്കുന്നതിന് ഇടയിലും കിവീസിന് മുന്നിൽ വീണിട്ടുണ്ട്.

എന്തായാലും നിലവിൽ ജയ്‌സ്വാൾ- പന്ത് സഖ്യത്തിന്റെ ചിറകിലേറി തകർച്ചയിൽ നിന്ന് കരകയറാനാണ് ഇന്ത്യൻ ശ്രമം.