ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മയും സംഘവും ഇന്ത്യൻ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തിയതോടു കൂടി പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നി ടീമുകൾ ടൂർണമെന്റിൽ നിന്ന് പുറത്തായി. 29 വർഷത്തിന് ശേഷം പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഒരു ഐസിസി ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ തന്നെ അവർ പുറത്തായതിൽ അവരുടെ ആരാധകരുടെ ഭാഗത്ത് നിന്നും വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്.
പാകിസ്താനെതിരെ നടന്ന മത്സരത്തിൽ കെ എൽ രാഹുലിന് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നിരുന്നില്ല. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ മൂന്നു ലൈഫ് കിട്ടിയതിനു ശേഷമാണു രാഹുൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മാത്രമല്ല പേസ് ബോളർ ഹർഷിത് റാണയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. ഇരു താരങ്ങളെയും മാറ്റി റിഷഭ് പന്തിനേയും, ബോളർ അർശ്ദീപ് സിങ്ങിനെയും കൊണ്ട് വരണമെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” കെ എൽ രാഹുലിനെ ഫിനിഷർ റോളിലാണ് ഇന്ത്യ കളിപ്പിക്കുന്നത്. ആറാം നമ്പറിലേക്ക് മാറ്റപ്പെട്ടതോടെ രാഹുലിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ബംഗ്ലാദേശിനെതിരേ മൂന്ന് ലൈഫ് ലഭിച്ച ശേഷമാണ് അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാകിസ്താനെതിരേ ബാറ്റ് ചെയ്യേണ്ടിയും വന്നില്ല. ഈ സാഹചര്യത്തിൽ റിഷഭ് പന്തിനെ കൊണ്ട് വരണം”
ആകാശ് ചോപ്ര തുടർന്നു:
” റിഷഭ് പന്ത് ടീമിലെ എക്സ് ഫാക്ടറാണ്. റിഷഭ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ്. ഇത് വിലയിരുത്തി റിഷഭിനെ കളിപ്പിക്കണം. കൂടാതെ ബോളിങ്ങിൽ അർശ്ദീപ് സിംഗിനെ ഉപയോഗിക്കണം” ആകാശ് ചോപ്ര പറഞ്ഞു.