അമ്പയറെ ചിരിപ്പിച്ച് കോഹ്ലി; വീഡിയോ വൈറല്‍

കളിക്കളത്തില്‍ എതിരാളികളെ തോല്‍പ്പിച്ച് ചരിത്രം കുറിച്ച് മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഹങ്കാരിയെന്ന പട്ടം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയം മാത്രം മുന്നില്‍ കണ്ട് മുഖം നോക്കാതെ പെരുമാറുന്ന കോഹ്ലിയുടെ കാര്‍ക്കശ്യ ശൈലിയാണ് ഇതിന് മുഖ്യ കാരണം. എന്നാലും കോഹ്ലിക്ക് ഗ്രൗണ്ടില്‍ തമാശ പറഞ്ഞ് ചിരിപ്പിക്കാനും അറിയാം. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ കോഹ്ലിയുടെ തമാശ കേട്ട് അമ്പയര്‍ പോലും ചിരിച്ചു പോയി.

ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സിലാണ് സംഭവം. മുഹമ്മദ് ഷമി എറിഞ്ഞ ആറാം ഓവറില്‍ സദീര സമരവിക്രമ പുറത്തായി. ഷമിയുടെ ബൗണ്‍സര്‍ ബാറ്റില്‍ തട്ടി നേരെ ചെന്നത് അജിങ്ക്യ രഹാനെയുടെ കൈയിലാണ്. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വാദിച്ച് സമരവിക്രമ ഡി.ആര്‍.എസ് ആവശ്യപ്പെട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ അമ്പയറുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. സമരവിക്രമ ക്രീസ് വിടുകയും ചെയ്തു. ഇതിനിടയിലാണ് കോലി അമ്പയര്‍ നിയേല്‍ ലോങ്ങുമായി തമാശ പങ്കിട്ടത്. തമാശ കേട്ട് അമ്പയര്‍ നിയേല്‍ ലോങ്ങ് ചിരിക്കുകയും ചെയ്തു.

കളിക്കളത്തില്‍ അമ്പയറെപ്പോലും രസിപ്പിക്കുന്ന കോഹ്ലിയുടെ വീഡീയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ മനുഷ്യനെയാണോ നിങ്ങള്‍ അഹങ്കാരിയെന്ന് വിളിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.