2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ കെ എൽ രാഹുൽ നൽകിയ മികച്ച സംഭാവനകളെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പ്രശംസിച്ചു. സെമിഫൈനലിലും ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിംഗ്സ് കളിച്ച രാഹുൽ, പന്തിനെ പ്രഹരിക്കുന്ന പോലെ മറ്റൊരു താരത്തിനും പറ്റില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക്.
2023 ലെ ലോകകപ്പ് ഫൈനലിൽ തന്റെ സ്ലോ ബാറ്റിംഗിന് ധാരാളം വിമർശനങ്ങൾ നേരിട്ട രാഹുൽ, ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലിലും തുടർന്ന് ന്യൂസിലൻഡിനെതിരായ ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ കൂൾ ആയി തുടർന്നു. ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ കിവീസിനെതിരെ മെൻ ഇൻ ബ്ലൂ 252 റൺസ് പിന്തുടർന്നപ്പോൾ കീപ്പർ ബാറ്റർ 34 റൺസുമായി പുറത്താകാതെ നിന്നു.
ഫൈനലിനുശേഷം ഹാർദിക് രാഹുലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
“മിടുക്കൻ ആണ് രാഹുൽ. ശരിയായ സമയത്ത് അവൻ അവസരങ്ങൾ ഉപയോഗിച്ചു. കെ.എൽ രാഹുൽ അസാധ്യമായിട്ടാണ് ഈ ടൂർണമെന്റിൽ കളിച്ചത് . കെ.എൽ രാഹുലിന് അപാരമായ കഴിവുണ്ട്, അദ്ദേഹത്തിന് കഴിയുന്ന രീതിയിൽ പന്ത് അടിക്കാൻ മറ്റാർക്കും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ”
2017 ചാമ്പ്യൻസ് ട്രോഫിയിൽ തോറ്റതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
“ഒരു ഐസിസി ടൂർണമെന്റ്, പ്രത്യേകിച്ച് ചാമ്പ്യൻസ് ട്രോഫി നേടുന്നത് എല്ലായ്പ്പോഴും അത്ഭുതകരമാണ്. 2017 ൽ ഞങ്ങൾക്ക് ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ ടൂർണമെന്റിലുടനീളം ഞങ്ങൾ നന്നായി കളിച്ചു. അതിന്റെ ഫലമാണ് കിട്ടിയത്.”
2017 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലെത്തിയ ടീമിലെ അംഗമായിരുന്നു പാണ്ഡ്യ. ആ ഫൈനലിൽ പാകിസ്ഥാനെതിരെ 76 റൺസ് നേടിയിരുന്നു, വിജയത്തിനായി 338 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ 180 റൺസിന് പരാജയപ്പെട്ടു.