ഐപിഎലിലെ മിക്ക സീസണുകളിലും ഓറഞ്ച് ക്യാപ്പിനായി മറ്റ് ബാറ്റര്‍മാര്‍ക്കൊപ്പം മത്സരിച്ചിട്ടുളള താരമാണ് വിരാട് കോഹ്ലി. എട്ട് സെഞ്ച്വറികളുമായി ഐപിഎലില്‍ എറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ ഉളളതും കോഹ്ലിക്ക് തന്നെ. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 900റണ്‍സിലധികം നേടി ടോപ് സ്‌കോററായ ചരിത്രവും കിങ് കോഹ്ലിക്കുണ്ട്. ഐപിഎലില്‍ ഇതുവരെയുളള കോഹ്ലിയുടെ എല്ലാ സെഞ്ച്വറികളും വലിയ കാഴ്ചവിരുന്നാണ് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുളളത്. ലാസ്റ്റ് ഓവറുകളിലും സെഞ്ച്വറി നേടി ഐപിഎലില്‍ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. അത്തരത്തിലൊരു മത്സരമായിരുന്നു 2016ല്‍ സുരേഷ് റെയ്‌ന നയിച്ച ഗുജറാത്ത് ലയണ്‍സിനെതിരെ വിരാട് കോഹ്ലി ഐപിഎലില്‍ നേടിയ തന്റെ ആദ്യ സെഞ്ച്വറി.
ഗുജറാത്തിന്റെ ഹോംഗ്രൗണ്ടായ രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ അവസാന ഓവറില്‍ കോഹ്ലിക്ക് സെഞ്ച്വറി നേടാന്‍ 14 റണ്‍സ് വേണമായിരുന്നു. തന്റെ സ്‌കോര്‍ 86 റണ്‍സില്‍ നില്‍ക്കെ അവസാനത്തെ മൂന്ന് ബോള്‍ മാത്രമാണ് സെഞ്ച്വറി തികയ്ക്കാന്‍ താരത്തിന് ബാക്കിയുണ്ടായിരുന്നത്. അന്ന് ബ്രാവോയുടെ നാലാമത്തെ പന്തില്‍ സിക്‌സര്‍ നേടി കോഹ്ലി തന്റെ സ്‌കോര്‍ 92 റണ്‍സില്‍ എത്തിച്ചു. അഞ്ചാമത്തെ പന്തില്‍ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ സെഞ്ച്വറിക്കായി അവസാന പന്തില്‍ ഇനി വേണ്ടത് നാല് റണ്‍സ്.
ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച മത്സരത്തില്‍ അന്ന് ബ്രാവോ ഏറിഞ്ഞ അവസാന പന്തായ വൈഡ് യോര്‍ക്കര്‍ ബൗണ്ടറി കടത്തി തന്റെ ആദ്യ സെഞ്ച്വറി നേടുകയായിരുന്നു കോഹ്ലി. അന്ന് 63 പന്തുകളിലാണ് കോലി മൂന്നക്കം തികച്ചത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആര്‍സിബി ലെജന്‍ഡിന്റെ അന്നത്തെ ഇന്നിങ്‌സ്. 158.73 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കോഹ്ലിയുടെ മിന്നും പ്രകടനം. മത്സരത്തില്‍ ആര്‍സിബി തോറ്റെങ്കിലും പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വിരാട് കോഹ്ലിക്കായിരുന്നു. ആര്‍സിബി ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം അന്ന് 19.3 ഓവറില്‍ ഗുജറാത്ത് ലയണ്‍സ് മറികടക്കുകയായിരുന്നു.