മോശം പെരുമാറ്റം; കോഹ്ലിയക്ക് ശിക്ഷ വിധിച്ച് ഐസിസി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മോശം പെരുമാനറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴശിക്ഷ. മാച്ച് ഫീസിന്റെ 25 ശതമാനം കോഹ്ലിയ്ക്ക് പിഴയൊടുക്കേണ്ടിവരും. ഒരു അയോഗ്യത കല്‍പിക്കുന്ന പോയന്റും കോഹ്ലിയെ തേടിയെത്തിയിട്ടുണ്ട്.

സെഞ്ചൂറിയന്‍ ടെസ്റ്റിലെ മൂന്നാം ദിവസമാണ് കോഹ്ലിയ്ക്ക് പിഴ വിധിക്കാനുണ്ടായ സംഭവങ്ങള്‍ നടന്നത്. മഴയെ തുടര്‍ന്ന് പന്ത് നനഞ്ഞതായി കോഹ്ലി നിരന്തരം അമ്പയര്‍ മിച്ചല്‍ ഗഫ്ഫിനോട് പരാതിപ്പെടുകയും  ശേഷം ദേഷ്യപ്പെട്ട് ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതാണ് കോഹ്ലിയെ ശിക്ഷിക്കാന്‍ ഐസസി തീരുമാനിച്ചതിന് പിന്നില്‍. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്ന 25ാം ഓവറിലായിരുന്നു സംഭവം.

മത്സരത്തില്‍ വെളിപ്പക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോഴും കോഹ്ലി ക്ഷുഭിതനായിരുന്നു. മാച്ച് റഫറി തീരുമാനം അറിയിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ വളരെ വേഗം കളി മതിയാക്കി ഡ്രസിങ് റൂമിലേക്ക് പോയി.

സന്തോഷത്തോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മടങ്ങിയത് കണ്ട കോഹ്ലി റഫറിയായ ക്രിസ് ബ്രോഡിനോട് ചൂടായി. മാച്ച് റഫറി ക്രിസ് ബോഡിന്റെ തീരുമാനം ഇന്ത്യന്‍ ടീമിന്റെ ഫോമിനെ ബാധിക്കുമെന്നു വിരാട് കോഹ്ലി അറിയിച്ചു. ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം, കോച്ച് രവി ശാസ്ത്രി എന്നിവരോടും കോഹ്ലി ഇതേക്കുറിച്ച് സംസാരിച്ചു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തുകയാണ്. നാലാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 190 റണ്‍സ് മുന്നിലാണ്.