Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

മെസിക്ക് ശേഷം കായിക ലോകത്ത് മറ്റൊരു ‘അന്യഗ്രഹ മനുഷ്യന്‍’; കയ്യടിച്ച് ആരാധകര്‍

, 5:26 pm

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കളി കണ്ട് അദ്ദേഹം മനുഷ്യനല്ല വേറെ ഗ്രഹത്തില്‍ നിന്നും വന്നയാളാണെന്നായിരുന്നു ഫുട്‌ബോള്‍ ലോകത്തിന്റെ വിശേഷണം. മെസിയുടെ ആരാധകരായിരുന്നു ഈ വിശേഷണം നല്‍കുന്നതിന് പിന്നില്‍. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തും അത്തരമൊരു വിശേഷണം വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അന്യഗ്രഹ മനുഷ്യനാണെന്ന വിശേഷണമാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.

ഈ വിശേഷണം നല്‍കിയത് പക്ഷേ ആരാധകരൊന്നുമല്ല. ഇംഗ്ലീഷ് ടീം മുന്‍ നായകന്‍ മൈക്കിള്‍ വോണാണ് കോഹ്ലിയെ ഇത്തരമൊരു വിശേഷണം നടത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം കോഹ്ലിയുടെ ആഘോഷമാണ് വോണിനെ ഈ വിശേഷം നല്‍കാന്‍ പ്രേരിപ്പിച്ചത്.

പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ശേഷമായിരുന്നു ക്യാപ്റ്റന്‍ കോഹ്ലി വ്യത്യസ്തമായ ആഘോഷം നടത്തിയത്. ഗ്ലൗ ബാറ്റിലിടിച്ച ശേഷം ഗ്യാലറിയെ നോക്കി മറുപടി നല്‍കുന്നത് ബാറ്റിലൂടെ മാത്രമാണെന്ന രീതിയിലായിരുന്നു കോഹ്ലിയുടെ ആംഗ്യം. 25 ാം ടെസ്റ്റ് സെഞ്ചുറിയാണ് കോഹ്ലി ഇന്ന് പൂര്‍ത്തിയാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ബൗണ്ടറി കടത്തിയാണ് കോഹ്ലി സെഞ്ചുറി നേടിയത്. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ആഘോഷപ്രകടനം കോഹ്ലി നടത്തിയത്.

ഗ്യാലറിയെ ബാറ്റുയര്‍ത്തി കാണിച്ച ശേഷം തന്റെ ഗ്ലൗ ബാറ്റിലിടിച്ച് ഗ്യാലറിക്ക് നേരെ കാട്ടുകയായിരുന്നു. കോഹ്ലി ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതാണ് കോഹ്ലിയുടെ പുതിയ ആഹ്ലാദപ്രകടനത്തിന് കാരണമായിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോര്‍ഡുകള്‍ കോഹ്ലി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്ലി. 257 പന്തില്‍ നിന്ന് 13 ഫോറും 1 സിക്‌സും ഉള്‍പ്പടെ 123 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കയില്‍ ഈ വര്‍ഷം ആദ്യം നടന്ന ടെസ്റ്റ് സീരീസില്‍ സെഞ്ച്വറി നേടിയ കോഹ്ലി പിന്നീട് ഇംഗ്ലണ്ടില്‍ നടന്ന സീരീസില്‍ 2 സെഞ്ചുറിയും നേടിയിരുന്നു. ഇന്ന് നേടിയ സെഞ്ച്വറിയോടെ പുതിയ നേട്ടത്തിന് കോഹ്ലി അര്‍ഹനായി.

ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി എത്തി.

Advertisement