ഇതിഹാസതാരത്തെയും മറികടന്ന് കോഹ്ലി; ക്രിക്കറ്റില്‍ പുതിയ സൂപ്പര്‍മാനോ? അമ്പരന്ന് ആരാധകര്‍

നോണ്‍ സ്‌റ്റോപ്പ് വിരാട് കോഹ്ലിയെന്നാണ് ട്വിറ്റര്‍ ആരാധകര്‍ വിരാട് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഡബള്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ ടീമിന്റെ നായകത്വം തനിക്ക് വെറുതെ കിട്ടിയതല്ലെന്ന് കോഹ്ലി ഒരിക്കല്‍കൂടി തെളിയിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ എന്ന റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാം മത്സരത്തിന്റെ ആദ്യ ദിവസം. എന്നല്‍, രണ്ടാം ദിവസം ഈ റെക്കോഡിന്റെ സ്വഭാവം മാറി.

ബാറ്റിങ്ങില്‍ രൗദ്രതാണ്ഡവമാടിയ കോഹ്ലി കരിയറില്‍ രണ്ടാം ഇരട്ട സെഞ്ച്വറിയാണ് ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നേടിയത്. വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവും ക്രിക്കറ്റ് ലോകത്തെ ബാറ്റിങ്ങ് പാഠപുസ്തകങ്ങളില്‍ ഒന്നായും വിലയിരുത്തുന്ന സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഡബിള്‍ സെഞ്ച്വറി നേട്ടം എന്ന റെക്കോഡാണ് കോഹ്ലി ഇതോടൊപ്പം മറികടന്നത്. ലാറ അഞ്ച് ഡബിള്‍ സെഞ്ച്വറിയാണ് നേടിയതെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്നത്തെ മിന്നും പ്രകടനവുമായി കോഹ്ലി തന്റെ പേരിലുള്ള സെഞ്ച്വറികള്‍ ആറാക്കി ഉയര്‍ത്തി.

അതേസമയം, ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരേന്ദര്‍ സേവാഗിനുമൊപ്പം കോഹ്ലി എത്തി. സ്ച്ചിന്റെ പേരില്‍ ആറ് ടെസ്റ്റ് ഡബിള്‍ സെഞ്ച്വറികളാണുള്ളത്. അതേസമയം, സേവാഗിന്റെ പേരിലുള്ളത് നാല് ഡബിള്‍ സെഞ്ച്വറിയും മൂന്ന് ട്രിബിള്‍ സെഞ്ച്വറിയുമാണുള്ളത്.

രണ്ടാം ദിനം കളിയാരംഭിക്കുമ്പോള്‍ 156 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പിന്നീട്, ഏകദിനശൈലിയില്‍ ബാറ്റുവീശിയ കോഹ്ലി ഇരട്ട സെഞ്ച്വറി അതിവേഗം സ്വന്തം പേരിലാക്കി.