ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിക്കുന്ന അമിത് മിശ്ര, ടൂർണമെൻ്റിൻ്റെ പതിനാറാം സീസണിൽ നവീൻ ഉൾ ഹഖുമായി വിരാട് കോഹ്‌ലി ഏറ്റുമുട്ടിയ തകർക്കവുമായി ബന്ധപ്പെട്ട സംഭവത്തിൽ തന്റെ ഭാഗം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.
പേസറുമായുള്ള തർക്കത്തിന് ശേഷം, അന്നത്തെ എൽഎസ്ജി മെൻ്ററായ ഗൗതം ഗംഭീറുമായി കോഹ്‌ലി വഴക്ക് ഉണ്ടാക്കിയിരുന്നു. മറ്റ് താരങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്ഥിതി മോശമാകുമായിരുന്നു എന്ന് ഉറപ്പായ സംഭവം ആയിരുന്നു ഇത്. കോഹ്‌ലിക്കും ഗംഭീറിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. നവീനും ശിക്ഷ കിട്ടിയിരുന്നു.
കോഹ്‌ലിയുടെ ഇന്ത്യൻ ടീമിലെ മുൻ സഹതാരം കൂടിയായ മിശ്ര അദ്ദേഹത്തെ തന്നെയാണ് ഈ സംഭവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ “ഗൗതം ഗംഭീർ അൽപ്പം ആക്രമണ മനോഭാവം കാണിച്ചു, അത് വിരാടിന് ഇഷ്ടപ്പെട്ടില്ല. അവൻ ഞങ്ങളുടെ എല്ലാ കളിക്കാരെയും അധിക്ഷേപിക്കാൻ തുടങ്ങി. ഒരു കാരണവുമില്ലാതെ കോഹ്‌ലി കൈൽ മേയേഴ്സിനോട് എന്തോ പറഞ്ഞു.”
“അവൻ നവീനിനെ തെറി പറഞ്ഞു. കോഹ്‌ലി വിട്ടുകൊടുക്കുന്ന പ്രകൃതം ഉള്ള ആൾ അല്ല. ആരാധകരോട് അസഭ്യം പറയുകയും ചെയ്തു. കോഹ്‌ലിക്ക് അത് എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നു,” ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ അമിത് മിശ്ര പറഞ്ഞു.
അതേമയം 2023 ലോകകപ്പ് മത്സരത്തിനിടെ നവീനുമായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത കോഹ്‌ലി ഗംഭീറുമായിട്ട് അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് സംസാരിച്ചിരുന്നു.