Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് വിവാദത്തിലേക്ക്

, 2:07 pm

ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ രണ്ട് ടീമുകള്‍ നേര്‍ക്ക്‌നേര്‍ വരുമ്പോള്‍ വിവാദങ്ങളും സാധാരണയാണ്. പരസ്പ്പരം വാക്കേറ്റവും സ്ലെഡ്ജിങ്ങുമൊക്കെയായി ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങള്‍ എന്നും ആരാധകര്‍ക്ക് ഏറെ രസകരമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പക്ഷേ ആരാധകര്‍ ‘പ്രതീക്ഷിച്ച’ രീതിയിലുള്ള ചൂടൊന്നുമുണ്ടായില്ല. വിവാദങ്ങള്‍ വിട്ടുനിന്ന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കിയിരുന്നു.

എന്നാല്‍, രണ്ടാം ടെസ്റ്റില്‍ കാര്യങ്ങള്‍ കുറിച്ച് കടുപ്പമായിക്കൊണ്ടിരിക്കുകയാണ് ഇരു ടീമുകള്‍ക്കും. ഇതിനിടയില്‍ മറ്റൊരു വിവാദവും തലപൊക്കുകയാണ്. പെര്‍ത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ കോഹ്ലി പുറത്തായതിനെ കുറിച്ചാണ് വിവാദം പുകയുന്നത്. 

ആദ്യ വിക്കറ്റുകളില്‍ പതറിയ ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയ കോഹ്ലി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് പുറത്തായത്. കുമ്മിന്‍സിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിന് ക്യാച്ച് നല്‍കിയാണ് 123 റണ്‍സെടുത്ത കോഹ്ലി പുറത്തായത്. എന്നാല്‍, ഈ ക്യാച്ചിന് തേഡ് അമ്പയറുടെ സഹായത്തോടെ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ഹാന്‍ഡ്‌സ്‌കോമ്പ് പന്ത് ക്യാച്ച് ചെയ്യുന്നതിന് തൊട്ടു മുമ്പായി നിലത്ത് തൊട്ടിരുന്നുവെന്ന സംശയമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ക്യാച്ചിന്റെ റീപ്ലേകളില്‍ ഈ സംശയം ബലപ്പെടുന്നുമുണ്ട്. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ വിധി അംഗീകരിച്ചു കൊണ്ട് തേര്‍ഡ് അമ്പയറും ഔട്ട് വിധിക്കുകയായിരുന്നു.

അമ്പയറുടെ തീരുമാനത്തില്‍ കോഹ്ലിയും അതൃപ്തനായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇതോടെ വിവാദത്തിന് തുടക്കമാവുകയായിരുന്നു.

മത്സരത്തില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് കുതിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഓസീസിന്റെ ലീഡ് 93 റണ്‍സിലെത്തി. അതേസമയം, മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതും ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റതും ഓസീസിന് തിരിച്ചടിയാണ്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 283 ന് പുറത്തായി.

Advertisement