2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമൊക്കെ കാഴ്ചവെക്കുന്നു എങ്കിലും ബാംഗ്ലൂർ മണ്ണിൽ തന്റെ ഫോം നിലനിർത്താൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. സ്വന്തം നാട്ടിൽ റൺസ് നേടാൻ അദ്ദേഹം പാടുപെടുകയാണ്, ബെംഗളൂരുവിൽ നടന്ന മൂന്ന് മത്സരങ്ങളിൽ ആർസിബിയുടെ മൂന്ന് തോൽവികളിൽ അദ്ദേഹത്തിന്റെ പുറത്താക്കലുകളും ഒരു പങ്കു വഹിച്ചിട്ടുണ്ട്. പതിനെട്ടാം സീസണിൽ രജത് പട്ടീദാറിന്റെ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവരെ എവേ മത്സരങ്ങളിൽ പരാജയപ്പെടുത്തിയപ്പോൾ അതിൽ കോഹ്‌ലി തിളങ്ങിയിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 49.80 ശരാശരിയിലും 141.47 സ്ട്രൈക്ക് റേറ്റിലും കോഹ്‌ലി 249 റൺസ് നേടിയിട്ടുണ്ട്, ഇതിൽ മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.
ആർസിബിയുടെ മറ്റൊരു ഓപ്പണറായ ഫിൽ സാൾട്ട് ചില മത്സരങ്ങളിൽ കോഹ്‍ലിയെക്കാൾ മികവ് കാണിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം. എന്നിരുന്നാലും, പഞ്ചാബ് കിംഗ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ ഇരുവരും ബൗളർമാരെ ബുദ്ധിമുട്ടിച്ചില്ല. സാൾട്ട് 4 റൺസ് നേടി, അതേസമയം വിരാട് ടീമിന്റെ മൊത്തം സ്കോറിലേക്ക് 1 റൺസ് മാത്രമേ ചേർത്തുള്ളൂ.
വലിയ മത്സരത്തിൽ കോഹ്‌ലി കളിച്ച ഇന്നിംഗ്‌സിനെ കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോൾ മുഹമ്മദ് കൈഫ് . “വിരാട് കോഹ്‌ലി മണ്ടത്തരമാണ് കാണിച്ചത്. 20 ഓവർ മത്സരത്തിൽ അദ്ദേഹം സാധാരണയായി അത്തരം ഷോട്ട് അടിക്കാറില്ല. ഇത് 14 ഓവർ വീതം മത്സരമായിരുന്നു, തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ കോഹ്‌ലി തീരുമാനിച്ചു. ഈ ദുഷ്‌കരമായ പിച്ചിൽ കുറച്ച് സമയം എടുക്കേണ്ടത് പ്രധാനമായിരുന്നു.”
“ആക്രമിക്കുന്നതിന് മുമ്പ് വിരാട് അഞ്ച് പന്തുകൾ ശാന്തനായിരിക്കേണ്ടതായിരുന്നു. 6 ഓവർ മത്സരമാണെന്നാണ് വിരാട് കരുതിയത്. അദ്ദേഹം മോശം ഷോട്ട് കളിച്ചു,” മുഹമ്മദ് കൈഫ് പറഞ്ഞു.
ആർസിബി 14 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടി, ടിം ഡേവിഡ് 26 പന്തിൽ നിന്ന് പുറത്താകാതെ 50 റൺസ് നേടി. തോറ്റ ടീമിന്റെ ഭാഗമായിട്ടും അദ്ദേഹത്തെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. പഞ്ചാബ് ആകട്ടെ 12.1 ഓവറിൽ 5 വിക്കറ്റുകൾ കൈയിൽ വെച്ച് ലക്‌ഷ്യം പൂർത്തിയാക്കി.