ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 49 റണ്‍സ് തോല്‍വി. ചെന്നൈ മുന്നോട്ടുവെച്ച 236 റണ്‍സിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ ആയുള്ളു. ചെന്നൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ കൊൽക്കത്തക്ക് സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു അയക്കപ്പെട്ട ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിലാണ് 234 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. . ആദ്യം മുതൽ അവസാനം വരെ കൊൽക്കത്ത ബോളർമാർക്ക് യാതൊരു ചാൻസും നല്കാതെയാണ് ചെന്നൈ ബാറ്ററുമാർ കളിച്ചത്. പതിവുപോലെ ഋതുരാജ് – കോൺവേ സഖ്യം തകർപ്പൻ തുടക്കമാണ് ടീമിന് നല്കിയത്. ഋതുരാജ് 35 റൺ നേടി പുറത്തായപ്പോൾ പിന്നാലെ എത്തിയത് ശിവം ദുബെ . തന്നെ എന്തുകൊണ്ടാണ് ചെന്നൈ മാനേജ്മെന്റ് ഇത്രയധികം വിശ്വസിക്കുന്നത് എന്നയാൾ ഇന്ന് കാണിച്ചു. കോൺവേ (56) മികച്ച അർദ്ധ സെഞ്ച്വറി നേടി പുറത്താകുമ്പോൾ തന്നെ ടീം വലിയ സ്കോർ ഉറപ്പിച്ചിരുന്നു
പിന്നാലെ എത്തിയ രഹാനെയെ കൂട്ടുപിടിച്ച് ദുബെ നടത്തിയ മിന്നലാക്രമണം ചെന്നൈ സ്കോർ 200 കടന്ന് പോകാൻ സഹായിച്ചു. ദുബെ 50(21) അർദ്ധ സെഞ്ച്വറി നേടിയ ശേഷം പുറത്തായി. ഈ ടൂർണമെന്റിൽ ചെന്നെക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം രഹാനെ 71 (29) പുറത്താകാതെ നിന്നു . ജഡേജയുടെ 18 ചെറിയ വെടിക്കെട്ട് കൂടി ആയപ്പോൾ ചെന്നൈ സ്‌കോര്‍ ആഗ്രഹിച്ചതിന് അപ്പുറം എത്തി. കൊൽക്കത്തയ്ക്കായി കുൽവന്ത് ഖെജ്രോലിയ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സുയാഷ് , ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽത്തയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ ജെയ്‌സൺ റോയ് ടോപ് സ്‌കോറര്‍ ആയി. റോയ് 26 പന്തിൽ 61 റൺ നേടി തിളങ്ങി. എന്നാൽ ഓപ്പണറുമാരായ ജഗദീഷൻ (1) നരെയ്ൻ (0) മധ്യനിരയിൽ കരുത്താകുമെന്ന് വിശ്വസിച്ച വെങ്കിടേഷ് അയ്യർ (20) നീതിഷ് റാണ ( 27 ) എന്നിവർ നിരാശപ്പെടുത്തിയത് കൊൽക്കത്തക്ക് കനത്ത തിരിച്ചടിയായി. എന്നാൽ റോയ്- റിങ്കു സഖ്യം അവർക്ക് ചെറിയ പ്രതീക്ഷ നൽകി. റോയ് പുറത്തായത് ശേഷം റിങ്കുവിന് നല്ല പിന്തുണ കൊടുക്കുമെന്ന് കരുതിയ റസൽ 9 (6) കൂടി വീണതോടെ കൊൽക്കത്തയുടെ കഥ ഏകദേശം കഴിഞ്ഞു. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള റിങ്കു സിംഗ് 53 (33) അർദ്ധ സെഞ്ച്വറി നേടി പൊരുതിനോക്കിയെങ്കിലും മുൻനിര തുടക്കത്തിൽ അനാവശ്യമായി കളഞ്ഞ പന്തുകൾ തിരിച്ചടിയായി.
ചെന്നൈക്കായി മഹേഷ് തീക്ഷ്ണ ദേശ്പാണ്ഡെ എന്നിവർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് സിംഗ് മൊയിൻ അലി ജഡേജ പാതിരാണ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.