IPL 2025: സ്റ്റാര്‍ക്കിനെ കണ്ടംവഴി ഓടിച്ച അവനെ ഇറക്കാതെ നിങ്ങള്‍ എന്താണീ കാണിച്ചുകൂട്ടിയത്, രാജസ്ഥാനെ എയറിലാക്കി മുന്‍ ഇന്ത്യന്‍ താരം

ഡല്‍ഹിക്കെതിരെയും തോറ്റ് ഐപിഎല്‍ 2025ല്‍ തങ്ങളുടെ മോശം ഫോം തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 189 റണ്‍സ് വിജയലക്ഷ്യം ആര്‍ആര്‍ അനായാസം മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഡല്‍ഹി ടീം തിരിച്ചടിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക ബോളിങ് രാജസ്ഥാന്‍ ടീമിന്റെ പ്രതീക്ഷകളെ എല്ലാം ഇല്ലാതാക്കി. അവസാന ഓവറില്‍ പവര്‍ഹിറ്റിങ് ബാറ്റര്‍മാരായ ധ്രുവ് ജുറലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഉണ്ടായിട്ടും മത്സരം ടൈ ആക്കാന്‍ മാത്രമാണ് രാജസ്ഥാന് സാധിച്ചത്. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ വളരെ അനായാസമാണ് ഡല്‍ഹി ബാറ്റര്‍മാരായ കെഎല്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും തങ്ങളുടെ ടീമിനെ വിജയത്തിലെത്തിച്ചത്.

അതേസമയം മത്സരത്തില്‍ രാജസ്ഥാന് സംഭവിച്ച ഒരു പിഴവ് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന ജയ്‌സ്വാളിനെ പോലൊരു ബാറ്ററെ രാജസ്ഥാന്‍ സൂപ്പര്‍ ഓവറില്‍ ഓപ്പണിങ്ങില് ഇറക്കാതിരുന്നത് തെറ്റായിപ്പോയെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഡല്‍ഹി ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കിയ തന്ത്രപരമായ മണ്ടത്തരമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

‘ആര്‍ ആര്‍ ഇന്നലെ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തു. ഇതില്‍ ആദ്യത്തേത് സൂപ്പര്‍ ഓവറില്‍ ഇറക്കിയ കോമ്പിനേഷന്‍ ആയിരുന്നു. സ്റ്റാര്‍ക്കിനെതിരെ അപകടകാരിയായ ഒരു കളിക്കാരന്‍ അവര്‍ക്കുണ്ട്. എന്നാല്‍ അവനെതിരെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ട് പേരെയാണ് നിങ്ങള്‍ ഇറക്കിയത്. അത് ഡിസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ക്യാച്ചുകള്‍ മത്സരം വിജയിക്കും, ക്രിസ് ശ്രീകാന്ത് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

Read more

സഞ്ജു സാംസണ് പരിക്കേറ്റതോടെ മത്സരത്തില്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ യശസ്വി ജയ്‌സ്വാളും നിതീഷ് റാണയും സൂപ്പര്‍ ഓവറില്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റിയാന്‍ പരാഗിനെയും ഹെറ്റ്‌മെയറെയും ഇറക്കി ടീം ഞെട്ടിച്ചു. ഇവര്‍ക്ക് പിന്നാലെ ജയ്‌സ്വാള്‍ ഇറങ്ങിയെങ്കിലും നിതീഷ് റാണയെ ആ മൂന്ന് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.