ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ താരത്തിന്റെ മുതുകില്‍ ചാടിക്കയറി ചുംബനം നല്‍കി യാത്രയാക്കിയതില്‍ പ്രതികരണവുമായി ലഖ്‌നൗ താരം ക്രുണാല്‍ പാണ്ഡ്യ. പൊള്ളാര്‍ഡിനോടുള്ള ‘പകരംവീട്ടലാണ്’ മൈതാനത്തു കണ്ടതെന്നു മത്സരത്തിനു ശേഷം ക്രുണാല്‍ പ്രതികരിച്ചു.
‘പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്താനായതില്‍ ആശ്വാസമുണ്ട്. അല്ലെങ്കില്‍ എന്റെ വിക്കറ്റെടുത്ത കാര്യം ജീവിതകാലം മുഴുവന്‍ പൊള്ളാര്‍ഡ് എന്നോടു പറഞ്ഞുകൊണ്ടേ ഇരിക്കുമായിരുന്നു. ഇപ്പോള്‍ 1-1 എന്ന നിലയിലാണു കാര്യങ്ങള്‍. ഇനി പൊള്ളാര്‍ഡ് അധികം മിണ്ടില്ലല്ലോ’ ക്രുണാല്‍ പറഞ്ഞു.
ആദ്യ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിന്റെ ബാറ്റിംഗിനിടെ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത് പൊള്ളാര്‍ഡ് ആയിരുന്നു. പൊള്ളാര്‍ഡിനെ സിക്‌സ് അടിക്കാനുള്ള ശ്രമത്തിനിടെ യുവതാരം ഹൃതിക് ഷോക്കീനു ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. 2 ബോളില്‍ ഒരു റണ്‍സായിരുന്നു താരത്തിന് നേടാനായത്.
20 പന്തില്‍ 19 റണ്‍സെടുത്താണു പൊള്ളാര്‍ഡ് പുറത്തായത്. 20ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ കയറി അടിക്കാനുള്ള പൊള്ളാര്‍ഡിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.