ഐ.പി.എല്ലില്‍ ഒരു കൈ നോക്കാനൊരുങ്ങി ഓസീസ് ഹിറ്റ് ബാറ്റ്സ്മാന് മാര്‍നസ് ലബ്യുഷെയ്ന്. ഈ മാസം 18നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ താനും പേര് രജിസ്റ്റര്‍ ചെയ്യുമെന്ന് ലബ്യുഷെയ്ന് അറിയിച്ചു.
“ലേലത്തില്‍ ഞാനും രജിസ്റ്റര്‍ ചെയ്യാമെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ തന്നെ അറിയിക്കാം. ഐ.പി.എല്‍ മഹത്തായ ടൂര്‍ണമെന്റാണ്. വ്യക്തിപരമായി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം” ലബ്യുഷെയ്ന് പറഞ്ഞു.
മികച്ച ഫോമിലുള്ള 26കാരനായ ലബ്യുഷെയ്നു വേണ്ടി ലേലത്തില്‍ പല ഫ്രാഞ്ചൈസികള്‍ തമ്മില്‍ പിടിവലിയുണ്ടാവുമെന്നുറപ്പാണ്. ഏതു ടീമിനു വേണ്ടിയാവും പുതിയ സീസണില്‍ ലബ്യുഷെയ്ന് കളിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ലബ്യുഷെയ്നെ വാങ്ങാനിടയുണ്ട്. മധ്യനിര ശക്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരാവും താരത്തിനായി രംഗത്തു വരാന്‍ സാദ്ധ്യതയുള്ള മറ്റൊരു ടീം.