ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം ഇനി ശ്രീലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയ്ക്ക് സ്വന്തം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി 20യിലാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബോളറെന്ന നേട്ടം മലിംഗയെ തേടിയെത്തിയത്.
പാക് താരം ഷാഹിദ് അഫ്രീദിയെയാണ് മലിംഗ മറികടന്നത്. ന്യൂസിലന്‍ഡിന്റെ കോളിന്‍ ഡീ ഗ്രാന്‍ഡോമെയെ പുറത്താക്കിയതോടെയാണ് ഈ നേട്ടം മലിംഗയെ തേടിയെത്തിയത്.
74 മത്സരങ്ങളില്‍ നിന്നാണ് മലിംഗ 99 വിക്കറ്റ് നേടിയത്. 99 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി 98 വിക്കറ്റ് നേടിയത്.
റെക്കോഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ലങ്കയെ ജയത്തിലെത്തിക്കാന്‍ മലിംഗക്കായില്ല. മത്സരത്തിലെ നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മലിംഗയുടെ ആദ്യ പന്ത് വൈഡായി ബൗണ്ടറി കടന്നതോടെ ശ്രീലങ്ക കളി കൈവിട്ടു. ആ ഓവറില്‍ ഡാരില്‍ മിച്ചല്‍ മലിംഗയെ സിക്‌സിന് പറത്തുകയും ചെയ്തു. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചു.