ചെറിയ ടെസ്റ്റ് മത്സരം, തകർന്നുവീണ റെക്കോഡുകൾ ഒരുപാട്; ലിസ്റ്റിൽ നിറഞ്ഞാടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

ഏറ്റവും ചെറിയ ടെസ്റ്റ് മത്സരം

ഒരു ഏകദിന മത്സരത്തിൽ രണ്ട് ടീമുകളും 50 ഓവറുകൾ വീതമുള്ള ഇന്നിങ്‌സുകൾ പൂർത്തിയാക്കിയാൽ അതിൽ ആകെ 600 പന്തുകൾ കാണാം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നാൽ 5 ഇന്നിങ്‌സുകൾ ഉള്ളത് കൊണ്ട് എരിയുന്ന പന്തുകളുടെ എണ്ണം കൂടുതൽ ആയിരിക്കും. എന്നാൽ ഇന്ന് സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ആകെ എറിഞ്ഞ പന്തുകൾ 642 മാത്രം. അതായത് ഒരു ഏകദിന ഇന്നിങ്സിന് തുല്യമായ പന്തുകൾ മാത്രം. രണ്ട് ദിവസങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവസാനിച്ച ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും വേഗം പൂർത്തിയായ, ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ മത്സരം കൂടിയായി മാറിയിരിക്കുന്നു.

1932 ൽ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ സമാപിച്ച ടെസ്റ്റ് മത്സരം 656 പന്തുകൾ കൊണ്ട് മാത്രം സമാപിച്ചിരുന്നു. എന്തായാലും ഈ റെക്കോഡാണ് ഇപ്പോൾ ഇന്ത്യ സൗത്താഫ്രിക്ക മത്സരം മറികടന്നിരിക്കുന്നത്. എന്തായാലും പേസറുമാരെ അമിതമായി പിന്തുണക്കുന്ന പിച്ചിനെക്കുറിച്ചുള്ള വിമർശനം ഇതിനോടകം വളരെ സ്ട്രോങ്ങ് ആയി മാറി കഴിഞ്ഞിട്ടുണ്ട്.

കേപ്ടൗണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ആറ് മത്സരങ്ങൾ ഇന്ത്യ മുമ്പ് കളിച്ചിട്ടുണ്ട്, രണ്ട് മത്സരങ്ങൾ സമനിലയിൽ ആയപ്പോൾ നാല് തവണ തോൽക്കുകയും ചെയ്തു. എന്നാൽ ഇന്നലത്തോടെ , ന്യൂലാൻഡ്‌സിൽ ഒരു മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ ആദ്യമായി ഒരു മത്സരം ജയിച്ചു

ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചാം ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം നാല് വിജയങ്ങൾ നേടിയിരുന്നു. 2006ൽ ജോഹന്നാസ്ബർഗിൽ 123 റൺസിനായിരുന്നു ഇന്ത്യയുടെ കന്നി വിജയം. 2010ൽ ഡർബനിൽ ഇന്ത്യ 87 റൺസിന്റെ വിജയം സ്വന്തമാക്കി. പ്രോട്ടീസ് മണ്ണിൽ ഇന്ത്യയുടെ മൂന്നാം വിജയം 2018ൽ. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ഇന്ത്യ 63 റൺസിന് വിജയിച്ചിരുന്നു. 2021ൽ സെഞ്ചൂറിയനിൽ നാലാമത്തെ വിജയം (113 റൺസ്) നേടി. എന്നാൽ റൺസ് പിന്തുടരുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലത്തോടെ ആ റെക്കോഡും ഇന്ത്യ തിരുത്തി.

രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ഒരു മത്സരം ജയിക്കുന്ന മൂന്നാമത്തെ സന്ദർഭം

രണ്ട് ദിവസത്തിനുള്ളിൽ ആണ് ഇന്ത്യ ടെസ്റ്റ് ജയിച്ചത്. ഇത് മൂന്നാം തവണയാണ് ഇത് പോലെ സംഭവിക്കുന്നത്. ഇതിന് മുമ്പ് 2018ൽ ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഇത്തരത്തിൽ ജയിച്ചിരുന്നു. തുടർന്ന് 2021ൽ അഹമ്മദാബാദിൽ വെച്ച് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ജയം സ്വന്തമാക്കിയത് രണ്ട് ദിവസം കൊണ്ടാണ്. എന്നാൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ ഒരു മത്സരം ജയിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഓൾ ഔട്ട് സ്‌കോർ

Read more

ഇന്ത്യക്ക് എതിരെ ടെസ്റ്റിൽ ഒരു ടീം പുറത്താകുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണ് സൗത്താഫ്രിക്കയുടെ 55 . മുമ്പ് കിവീസിന്റെ കൈയിൽ ഇരുന്ന് നനക്കേടിന്റെ റെക്കോഡാണ് ഇപ്പോൾ സൗത്താഫ്രിക്ക സ്വന്തം ആകിയിരിക്കുന്നത്.