പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് ജനക്കൂട്ടം പരസ്യമായി മാപ്പു പറയിച്ചു. ഗോവയിലെ കലന്‍ഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാള്‍ പാക് ടീമിനെ പിന്തുണയ്ക്കുന്നുവെന്നു പറയുന്ന വീഡിയോ ഒരു ട്രാവല്‍ വ്േളാഗര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇത് വൈറലായതോടെയാണ് ഒരു സംഘം ആളുകള്‍ കടിയിലെത്തി അയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്.
മുട്ടുകുത്തി ഈ രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കാന്‍ ആള്‍ക്കൂട്ടം കടക്കാരനോടു ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അയാള്‍ മുട്ടുകുത്തി കൈകള്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് മാപ്പു ചോദിച്ചു. തുടര്‍ന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാന്‍ ആള്‍ക്കൂട്ടം ഇയാളെ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.
‘ഇതു പൂര്‍ണമായും കലന്‍ഗൂട്ട് ഗ്രാമമാണ്. മതത്തിന്റെ പേരില്‍ ഈ രാജ്യത്തെ വിഭജിക്കരുത്’ എന്ന് ഒരു പ്രതിഷേധക്കാരന്‍ കടക്കാരനോടു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പാകിസ്ഥാന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര നടക്കുന്ന സമയത്താണ് വ്‌ളോഗര്‍ കടക്കാരനുമൊത്ത് വീഡിയോ ചിത്രീകരിച്ചത്. ‘താങ്കള്‍ ന്യൂസീലന്‍ഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നും വ്േളാഗര്‍ ചോദിച്ചപ്പോള്‍ തന്റെ പിന്തുണ പാകിസ്ഥാനാണെന്ന് ഇയാള്‍ മറുപടി നല്‍കിയത്. ഒപ്പം മതപരമായ പരാമര്‍ശവും നടത്തി. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.