Suresh Varieth
1.90 കോടിക്ക് വൃദ്ധിമാന്‍ സാഹയെ തങ്ങളുടെ പാളയത്തിലെത്തിക്കുമ്പോള്‍ മാത്യു വേഡിനു ബാക്ക് അപ്പ് ആയി ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നു മാത്രമേ ഗുജറാത്ത് ടൈറ്റന്‍സ് കരുതിക്കാണുള്ളൂ. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നു പോലും പുറത്തായ, 38 വയസ്സായ, സ്റ്റേറ്റ് ടീമിന് കളിക്കാന്‍ വിസമ്മതിച്ച, 1 കോടി അടിസ്ഥാന വിലയിട്ട ഒരാളെ കൂടിയ വിലക്ക് വിളിച്ചപ്പോഴും അധികമൊന്നും ഗുജറാത്ത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഫോമിലല്ലാത്ത മാത്യു വേഡിനു പകരം അഞ്ചു മത്സരങ്ങള്‍ക്കു ശേഷം ഓപ്പണറായി ഇറങ്ങിയ സാഹ, പക്ഷേ സര്‍വരെയും തന്റെ വിസ്‌ഫോടന ബാറ്റിങ്ങിലൂടെ അമ്പരപ്പിക്കുകയാണ്. സണ്‍റൈസേഴ്‌സിനെതിരേ 38 പന്തില്‍ 68 റണ്‍സ് നേടിയ അദ്ദേഹം ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ 40 പന്തില്‍ ഒരു ക്ലാസിക്കല്‍ രീതിയില്‍ 55 റണ്‍സും നേടി. അവസാന ഓവറില്‍ മുംബൈ 5 റണ്‍സിനു വിജയിച്ചില്ലായിരുന്നെങ്കില്‍ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പാടി പുകഴ്ത്തിയേനെ.
ഫെബ്രുവരിയില്‍ രഞ്ജി ട്രോഫി തുടങ്ങിയതിനു പിന്നാലെ സാഹയുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്റിനെതിരെ മികച്ചൊരു അര്‍ദ്ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോച്ച് രാഹുല്‍ ദ്രാവിഡ് വിരമിക്കാന്‍ സൂചിപ്പിച്ചതും, ടീമില്‍ ഉണ്ടാവുമെന്ന് വാട്‌സപ്പിലൂടെ ഉറപ്പു നല്‍കിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ മൗനം പാലിച്ചതും സാഹ പുറത്തു പറഞ്ഞത് വിവാദമായിരുന്നു.
പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോറിയ മജൂന്ദാര്‍ ഒരു അഭിമുഖത്തിനായി തന്നെ ഭീഷണിപ്പെടുത്തിയതും സാഹ ആരോപിച്ചു. ആരോപണം അന്വേഷിച്ച ബിസിസിഐ, മജൂംദാര്‍ തങ്ങളുടെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നിരോധിച്ചു. ദേശീയ ടീമിലേക്ക് തന്നെ പരിഗണിക്കുന്നില്ല എന്നതിനാല്‍ രഞ്ജി ട്രോഫി ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന് അദ്ദേഹം പറഞ്ഞിരുന്നു. പരിക്കും മറ്റു പ്രശ്‌നങ്ങളും കാരണം ടെസ്റ്റ് മറ്റീരിയല്‍ മാത്രമായി ഒതുങ്ങേണ്ടി വന്ന സാഹയുടെ രണ്ടാമിന്നിങ്ങ്‌സ് ആയിരിക്കാം ഈ ഐപിഎല്‍.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍