ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) സ്പിന്നർ ദിഗ്‌വേഷ് രതിയോട് ബിസിസിഐ വളരെ പരുഷമായി പെരുമാറുന്നുവെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ പറഞ്ഞു. രതി വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തുന്ന നോട്ട്ബുക്ക് ആഘോഷത്തിന് ഇതിനകം ബിസിസിഐ രണ്ട് തവണ പിഴ ചുമത്തിയിട്ടുണ്ട്. ഇന്നലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) നടന്ന മത്സരത്തിനിടെ ബിസിസിഐയുടെ ഭാഗത്ത് നിന്നുള്ള പിഴ ശിക്ഷ ഒഴിവാക്കാൻ താരം തന്റെ ആഘോഷ രീതിയുടെ മറ്റൊരു രീതിയാണ് അവതരിപ്പിച്ചത്.
ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനോട് (പിബികെഎസ്) എൽഎസ്ജി തോറ്റ മത്സരത്തിൽ ശ്രദ്ധ നേടിയത് ദിഗ്‌വേഷ് ആയിരുന്നു. തന്റെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം ദിഗ്‌വേഷ് രതി ആദ്യ നോട്ടുബുക്ക് ആഘോഷം നടത്തിയത്. ശേഷം അടുത്ത മത്സരത്തിൽ മുംബൈയുടെ നമൻ ധീറിന്റെ വിക്കറ്റ് നേടിയതിനുശേഷവും അദ്ദേഹം അതേ പ്രവൃത്തി ആവർത്തിച്ചു. രണ്ട് തവണയും താരത്തിന് പിഴ ശിക്ഷ കിട്ടി.
എന്തായാലും ഇന്ത്യൻ സീനിയർ കളിക്കാർ കളിക്കളത്തിൽ ചെയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ദിഗ്വേശ് രതിയെ ശിക്ഷിക്കുന്നത് കഠിനമാണെന്ന് സൈമൺ ഡൗൾ അഭിപ്രായപ്പെട്ടു.
“ആഘോഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്, അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സീനിയർ കളിക്കാർ വളരെ മോശമായ രീതിയിൽ ആഘോഷം നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരെ ഒന്നും ശിക്ഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യുവതാരം നോട്ടുബുക്ക് ആഘോഷം നടത്തിയപ്പോൾ മാത്രമാണ് ചിലർക്ക് ബുദ്ധിമുട്ട്.”
സീസണിൽ മൂന്നാം തവണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ദിഗ്വേശ് രതിക്ക് സസ്പെൻഷൻ കിട്ടാൻ വരെ സാധ്യതയുണ്ട്.