മത്സരം ജയിച്ചത് കൊണ്ട് മാത്രം എയറിൽ കേറാതെ രക്ഷപെട്ട ഒരാളുണ്ട്. ഡൽഹി ക്യാപറ്റൻ പന്ത്. ഇന്നലെ പന്ത് എടുത്ത ഒരു തീരുമാനത്തിന് വലിയ വിമർശനമാണ് ഇപ്പോൾ നേരിടേണ്ടതായി വരുന്നത്. മത്സരത്തില്‍ നാല് വിക്കറ്റെടുത്ത ഡല്‍ഹി ബൌളര്‍ കുല്‍ദീപ് യാദവിന് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം കൊടുക്കാതിരുന്നതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
മത്സരശേഷം തനിക്ക് പറ്റിയത് അബദ്ധം ആയിരുന്നു എന്ന് പന്തും സമ്മതിച്ചിരുന്നു. ഇപ്പോഴിതാ വലിയ വിമർശനം ഈ തീരുമാനത്തിന് എതിരെ ഉയർത്തുന്നത് മൈക്കിൾ വോൺ വന്നിരിക്കുകയാണ്. മികച്ച ഫോമിലുള്ള കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നിട്ടും അവസാന ഓവര്‍ എറിയാന്‍ മുസ്തഫിസുറിനെയാണ് പന്ത് തെരഞ്ഞെടുത്തത്. ” വിചിത്രമായ ക്യാപ്റ്റന്‍സി. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന് അയാളുടെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല വോണ്‍ ട്വീറ്റ് ചെയ്തു.
ഇതിനിടയിൽ മറ്റൊരു സ്പിന്നർ ആയ ലളിത് യാദവിന് ഓവർ കൊടുക്കാനുള്ള തീരുമാനത്തിന് വലിയ തിരിച്ചടിയാണ് പന്തിന് കിട്ടിയത്. അവസരം മുതലെടുത്ത കൊൽക്കത്ത ബാറ്റ്‌സ്മാന്മാർ 16 റൺസാണ് ഓവറിൽ അടിച്ചത്. 4 വിക്കറ്റ് എടുത്ത് മികച്ച ഫോമിലുള്ള ഒരു താരം നിൽക്കുമ്പോൾ എന്തിനാണ് എതിരാളിക്ക് അവസരം നല്കാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും ആരാധകർ ചോദിക്കുന്നു.
തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു ഡൽഹി കരകയറിയത്. 147 റൺസ് പിന്തുടർന്ന ഡൽഹിയെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(പൂജ്യം) പുറത്താക്കി ഉമേഷ് യാദവ് ഡൽഹിയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (7 പന്തിൽ 13) ഹർഷിത് റാണയും പുറത്താക്കി. മൂന്നാം വിക്കറ്റിൽ വാർണറും ലളിത് യാദവും ചേർന്ന് (29 പന്തിൽ 22) 65 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ അടുത്തടുത്ത ഓവറിൽ ലളിതും പന്തും വാർണറും പുറത്തായതോടെ ഡൽഹി പകച്ചു. പക്ഷേ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവലും അക്ഷർ പട്ടേലും ഡൽഹിയെ മുന്നോട്ടുനയിച്ചു. 15–ാം ഓവറിൽ അക്ഷർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ഷാർദുൽ ഠാക്കൂർ (14 പന്തിൽ 8) പവലിന് ഉറച്ചപിന്തുണ നൽകി.