ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിലെ വേദിയായ ലഖ്‌നൗ ഏക്നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോര്‍ട്ട്. പിച്ച് ഒരുക്കിയ സുരേന്ദര്‍ കുമാറിനെ പുറത്താക്കിയതായി ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. സുരേന്ദറിന് പകരം ഗ്വാളിയോറില്‍നിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചു.
ഐപിഎല്ലിനു മുന്‍പ് സ്റ്റേഡിയത്തിലെ ഒന്‍പത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കായി പുതിയ ക്യൂറേറ്റര്‍ക്ക് കീഴിലാവും പിച്ച് ഒരുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ടി20 മത്സരത്തിന് വേദിയായ ലഖ്‌നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 18 ഓവറും ന്യൂസിലന്‍ഡ് സ്പിന്നര്‍മാരെക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രമാണ് നേടിയത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.