മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി നിയമിച്ചു. വരുന്ന ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് ശ്രീലങ്ക ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിയമനം നടത്തിയത്.
പുതിയ ഉത്തരവാദിത്തം അവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ജയവര്‍ധനെ പറഞ്ഞു. ‘വിവിധ തലങ്ങളിലുടെ പ്രതിഭകളയും ടീമുകളെയും ഒത്തൊരുമിച്ച് ഒരു ലക്ഷ്യത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയ ടീമിന്റെ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിന് ഉപദേശങ്ങള്‍ നല്‍കുകയും മത്സരങ്ങള്‍ക്ക് മുമ്പ് തന്ത്രങ്ങള്‍ മെനയുകയുമാണ് എന്റെ ജോലി’ ജയവര്‍ധനെ പറഞ്ഞു.
ദേശീയ ടീമിന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ട ചുമതല ജയവര്‍ധനെക്ക് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ലങ്കന്‍ ടീമിന് ഗുണകരമായിരുന്നുവെന്നും അദ്ദേഹത്തെ പുതിയ ചുമതലയേല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്ലി ഡിസില്‍വ പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോക കപ്പിന്റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.