നാടകീയ രംഗങ്ങള്‍ക്ക് വേദിയായി പാകിസ്ഥാന്‍-ബംഗ്ലാദേശ് ടി20 മത്സരത്തിന്റെ അവസാന ഓവര്‍. പാകിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണമെന്നിരിക്കെയാണ് ഇരുടീമിനെയും ആശങ്കയിലാക്കിയ ബോളറുടെയും ബാറ്ററുടെയും ടുമാന്‍ ഷോ.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള എറിഞ്ഞ ആ ഓവറില്‍ പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടത് എട്ടു റണ്‍സ്. ആദ്യ മൂന്നു പന്തില്‍ ഒരൊറ്റ റണ്‍ പോലും നേടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. മാത്രമല്ല, രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി. എന്നാല്‍ നാലാം പന്തില്‍ ഇഫ്തിഖാര്‍ അഹമ്മദ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ മഹ്‌മൂദുള്ള ഇഫ്തിഖാറിനെ പുറത്താക്കി. ഇതോടെ പാകിസ്താന് വിജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ്.
ശേഷം മഹ്‌മൂദുള്ള അവസാന പന്ത് എറിഞ്ഞപ്പോള്‍ മുഹമ്മദ് നവാസ് അവസാന നിമിഷം പിന്മാറി. ഇതോടെ പന്ത് നേരെ സ്റ്റമ്പിലേക്ക്. അമ്പയര്‍ ഡെഡ്ബോള്‍ വിളിച്ചു. മഹ്‌മൂദുള്ള തര്‍ക്കിക്കാന്‍ നിന്നില്ല. എന്നാല്‍ പന്ത് സ്റ്റംമ്പിനെ ലക്ഷ്യമാക്കി കുത്തിത്തിരിഞ്ഞ ശേഷമാണ് നവാസ് പിന്മാറിയതെന്ന് വീഡിയോയില്‍ വ്യക്തം.
അടുത്ത പന്ത് എറിയുന്നതിന് മുമ്പ് മഹ്‌മൂദുള്ള നവാസിനോട് റെഡി ആണോ എന്ന് ചോദിച്ചു. നവാസ് ഓകെ പറഞ്ഞതോടെ പന്ത് എറിയാനെത്തി. എന്നാല്‍ ആംഗ്യം കാണിച്ചതല്ലാതെ എറിഞ്ഞില്ല. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള ഖുശ്ദില്‍ ഷായ്ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്. ഒടുവില്‍ അവസാന പന്തില്‍ എക്സ്ട്രാ കവറിലേക്ക് ബൗണ്ടറി നേടി നവാസ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. പാകിസ്ഥാന് 5 വിക്കറ്റ് വീജയം.