തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി, ശേഷമുള്ള രണ്ടെണ്ണത്തിൽ പൂജ്യനായി മടങ്ങുന്നു. സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തെ വിമർശിക്കാനും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കാനും ആവശ്യപ്പെടാനും ഈ രണ്ട് പൂജ്യം ധാരാളമായിരുന്നു. പരമ്പരയിലെ അവസാനത്തെ മത്സരത്തിലേക്ക് കടക്കുമ്പോൾ ഇനി ഒരു പരാജയം കൂടി അയാൾ താങ്ങില്ലായിരിന്നു. എന്നാൽ ഇത്രയും നാലും കരിയറിന്റെ ഉയർച്ചയിൽ നിന്നപ്പോഴും പടുകുഴിയിൽ ആയിരുന്നപ്പോഴും താൻ നിലനിർത്തിയ കൂൾ ആറ്റിട്യൂട് ജോഹന്നാസ്ബർഗിൽ തുടർന്നപ്പോൾ അവിടെ കണ്ടത് ഒരു മലയാളിയുടെ അഴിഞ്ഞാട്ടം.
സഹതാരം തിലക് വർമ്മയുമൊത്ത് ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ ഇരുവരും മത്സരിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ബോളർമാർ കാഴ്ചക്കാർ ആയിരുന്നു. രണ്ട് പേരും സെഞ്ച്വറി നേടിയപ്പോൾ തിലക് ആയിരുന്നു ടീമിന്റെ ടോപ് സ്‌കോറർ. 47 പന്തിൽ 120 റൺ എടുത്ത് തിലക് മാൻ ഓഫ് ദി മാച്ചായിട്ടും മാൻ ഓഫ് ദി സീരിസും ആയിട്ട് തിളങ്ങി. സഞ്ജു 56 പന്തിൽ 109 റൺസും നേടി തിലകിനെ സഹായിച്ചു. എന്തായാലും റെക്കോഡുകൾ പെയ്തിറങ്ങിയ ദിവസത്തിലെ ഇരുവരുടെയും പ്രകടനം ചർച്ചയാകുമ്പോൾ ഡിവില്ലേഴ്‌സ് ഇതുമായി ബന്ധപ്പെട്ടൊരു അഭിപ്രായം പറഞിരിക്കുകയാണ്. സഞ്ജു നേടിയ സെഞ്ചുറിയാണ് തിലക് നേടിയ നേട്ടത്തേക്കാൾ മികച്ചത് എന്നാണ് മുൻ താരം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“രണ്ട് താരങ്ങളും തകർപ്പൻ സെഞ്ച്വറി നേടി. തിലക് 120 റൺ നേടിയപ്പോൾ സഞ്ജു 109 റൺസാണ് നേടിയത്. എന്നാൽ എന്റെ അഭിപ്രായത്തിൽ തിലകിന്റെ സെഞ്ചുറിയെക്കാൾ നല്ലത് സഞ്ചുവിന്റെ സെഞ്ച്വറി ആയിരുന്നു. പിഴവുകൾ കുറവുള്ള ഇന്നിംഗ്സ് സഞ്ജുവിന്റെ ആയിരുന്നു. തിലകിന്റെ ഇന്നിങ്സിൽ മിസ്റ്റേക്കുകൾ ഉണ്ടായിരുന്നു. ആരും എന്നെ ഇതിന്റെ പേരിൽ ക്രൂശിക്കരുത് “മുൻ താരം പറഞ്ഞു.
” തിലക് നല്ല ബാറ്റർ ആണ്. അവൻ സമീപകാലത്ത് ഇന്ത്യക്കായിട്ടും മുംബൈ ഇന്ത്യൻസിന് വേണ്ടിയുമൊക്കെ ഒരുപാട് ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. അതിന്റെ പലതിന്റെയും ആരാധകനാണ് ഞാൻ. ഒരുപാട് വര്ഷം ഇന്ത്യൻ ബാറ്റിംഗ് മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തി അവനുണ്ട്. അടുത്ത ഒരു 5 വര്ഷം നിങ്ങൾക്ക് അത് കാണാം. ആർസിബിക്ക് എതിരെ മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം കളിച്ച ഇന്നിങ്‌സുകളൊക്കെ മനോഹരമായിരുന്നു.”
“എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം കളിച്ച ഇന്നിംഗ്സ് ഏറ്റവും മികച്ച സെഞ്ച്വറി നേട്ടമൊന്നും ആയിരുന്നില്ല. ഒരുപാട് മിസ്റ്റേക്ക് അതിൽ ഉണ്ടായിരുന്നു. പിഴവുകൾക്ക് ഇടയിലും സെഞ്ച്വറി നേടാൻ താരത്തിനായി. ചിലപ്പോൾ ക്രിക്കറ്റ് അങ്ങനെയാണ്. എന്നാൽ സഞ്ജുവിന്റെ ഇന്നിങ്സിൽ പിഴവുകൾ കുറവായിരുന്നു. എന്നത്തേയും പോലെ അവൻ നന്നായി കളിച്ചു. എന്തായാലും ഇരുവരും നേടിയ സെഞ്ചുറിക്ക് അഭിനന്ദനം.” അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.
എന്തായാലും ഇരുത്തരങ്ങൾക്കും ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഈ സെഞ്ച്വറി നേട്ടം സഹായിച്ചു എന്ന് പറയാം.