കേരള ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ കൂടുമാറുന്നു. തമിഴ്‌നാടിന് വേണ്ടി സന്ദീപ് കളിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്ദീപിനെ സ്വന്തമാക്കാന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം തുടങ്ങിയെന്നാണ് സൂചന. താരത്തിന്റെ മനസ്സറിയാന്‍ തേടി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്നാട് ടീമിനു വേണ്ടി കളിക്കാന്‍ സന്ദീപ് സമ്മതം മൂളിയത്രെ. തമിഴ്നാടുമായി ചില ബന്ധങ്ങള്‍ കൂടിയുണ്ടെന്നതും അദ്ദേഹത്തിനെ ഇതിനു പ്രേരിപ്പിച്ചതിനു പിന്നിലുണ്ട്. ബൗളിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഏറെ സമയം താരം ചെലവഴിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ സിമന്റ്സ് സന്ദീപിന് ജോലിയും നല്‍കിയിരുന്നു.
ടി നടരാജനോടൊപ്പം പുതിയ സീസണില്‍ ഒരു സീനിയര്‍ താരത്തെയാണ് പേസ് ബൗളിംഗിൽ തമിഴ്നാട് നോട്ടമിടുന്നത്. ഇതേ തുടര്‍ന്നാണ് അവര്‍ സന്ദീപിനെ സമീപിച്ചത്. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ തമിഴ്നാടിന്റെ ബൗളിംഗ് ആക്രമണത്തെ സാരമായി ബാധിച്ചിരുന്നു. ടി നടരാജന്‍, എം മുഹമ്മദ്, കെ വിഗ്‌നേഷ് എന്നിവര്‍ക്കെല്ലാം പരിക്ക് വില്ലന്‍മാരായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള സന്ദീപ് ടീമിലെത്തിയാല്‍ അത് തങ്ങള്‍ക്കു കരുത്താവുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ടീമുകളുടെയും ഭാഗമായ സന്ദീപ് തങ്ങള്‍ക്കു ഏറ്റവും അനുയോജ്യനായ താരമാണെന്നും തമിഴ്നാട് വിലയിരുത്തുന്നു.