ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഐ.പി.എല്ലിനെത്താന്‍ ഏറെ വൈകുമെന്നതാണ് മുംബൈയെ ആശങ്കയിലാക്കിയിരിക്കുന്നത്. മുംബൈ ടീമിനൊപ്പം യു.എ.ഇയിലേക്ക് മലിംഗ എത്തിയിട്ടില്ല.
അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. അടുത്ത ആഴ്ചയില്‍ മലിംഗയുടെ അച്ഛന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ മലിംഗ ടീമിനൊപ്പം ചേരൂ. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഐ.പി.എല്ലിന്റെ പ്ലേ ഓഫ് തീരുമാനിച്ചിരിക്കുന്ന സമയത്താകും മലിംഗയ്ക്ക് മുംബൈയ്ക്കായ് ഇറങ്ങാനാവുക.
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈയെ പിടിച്ചു കെട്ടിയ മലിംഗയുടെ ബോളിംഗ് മികവ് ടീമിന് തുടക്കത്തിലെ കിട്ടില്ല എന്നുള്ളത് ടീമിന് തിരിച്ചടിയാണ്. ഐ.പി.എല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ 36- കാരനായ മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് ഐ.പി.എല്ലില്‍ മലിംഗ വീഴ്ത്തിയിട്ടുള്ളത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ ഇന്നലെ ദുബായിയിലെത്തി. രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ നേരത്തേ എത്തിയിരുന്നു. താരങ്ങളിപ്പോള്‍ 6 ദിവസത്തെ ക്വാറന്റൈനിലാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.