ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്നു നടക്കാനിരിക്കെ നായകന്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടീമില്‍ തുടരെ തുടരെ അഴിച്ചുപണി നടത്തുന്ന കോഹ്‌ലി ഇന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക സഞ്ജു സാംസണെയായിരിക്കുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് മത്സരം കളിച്ചിട്ടും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് കാരണമായി സെവാഗ് ചൂണ്ടിക്കാണിക്കുന്നത്.
“നിലവിലെ ടീമില്‍ മാറ്റം വേണമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സഞ്ജുവിന് പകരം മനീഷ് പാണ്ഡെയെ ഫിറ്റാണെങ്കില്‍ ഇന്ന് കളിപ്പിക്കും. സ്ഥാനം നഷ്ടപ്പെടാന്‍ സാദ്ധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ടീമില്‍ മാറ്റത്തിന് സാദ്ധ്യതയുണ്ട്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ മാറ്റം വരുത്തുന്ന സ്വഭാവം വിരാട് കോഹ്‌ലിക്കുണ്ട്.” പരിഹാസത്തില്‍ ചാലിച്ച് സെവാഗ് പറഞ്ഞു.
കാന്‍ബറയില്‍ നടന്ന ആജ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി 23 റണ്‍സ് നേടയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മടങ്ങിയത് 10 പന്തില്‍ 15 റണ്‍സ് നേടിയും. ആദ്യ മത്സരത്തില്‍ കളിപ്പിച്ച മനീഷ് പാണ്ഡെയെ ബാറ്റിംഗില്‍ തിളങ്ങാത്തതിനാല്‍ രണ്ടാം മത്സരത്തില്‍ പുറത്താക്കിയിരുന്നു. ശ്രേയസ് അയ്യരാണ് പകരം ടീമിലെത്തിയത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40 ന് സിഡ്‌നിയിലാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാകും കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം.