ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ ആര്‍.അശ്വിന്റെ പേരും ചേര്‍ത്തു പറയുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, എന്നീ രാജ്യങ്ങളിലെ മോശം ബോളിംഗ് റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അശ്വിനെ മഞ്ജരേക്കറുടെ ഈ പരാമര്‍ശം.
“ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ രവിചന്ദ്രന്‍ അശ്വിന്റെ പേരും പറയാറുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ഒന്നാമതായി. “സേനാ” രാജ്യങ്ങളില്‍ അശ്വിന് ഒരിടത്തുപോലും അഞ്ച് വിക്കറ്റ് നേട്ടമില്ല. ഇന്ത്യന്‍ പിച്ചുകളില്‍നിന്ന് അശ്വിന്‍ വിക്കറ്റുകള്‍ വാരിക്കൂട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന്റെ ബോളിങ് ശൈലിക്ക് അനുകൂലമായി തയാറാക്കിയതാണെന്ന് നാം മറക്കരുത്.”
“അശ്വിന്‍ ഒരു വശത്ത് വിക്കറ്റുകള്‍ വാരിക്കൂട്ടുമ്പോള്‍ത്തന്നെ ഒപ്പത്തിനൊപ്പം രവീന്ദ്ര ജഡേജയുമുണ്ട്. ഇതേ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനേക്കാള്‍ വിക്കറ്റ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തുന്നത് നാം കണ്ടു. അതുകൊണ്ട് എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ അശ്വിനെ പരിഗണിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്” മഞ്ജരേക്കര്‍ പറഞ്ഞു.
ഇന്ത്യൻ പരമ്പരകളിൽ എന്നും അശ്വിൻ പുലിയാണ്. വിദേശത്തു പലപ്പോഴും മികവിലേക്ക് വന്നിട്ടില്ല. അതിനാൽ മികച്ചവനെന്ന പറയാൻ സാധിക്കില്ല എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.