IPL 2025: മാക്‌സ്‌വെല്ലിന്‌ ശേഷം ഐപിഎലിലെ പുതിയ വാഴ ഇവന്‍, എപ്പോഴും മോശം പ്രകടനം മാത്രം, ഇനി ആവര്‍ത്തിച്ചാല്‍ ചെയ്യേണ്ടത്... തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

പവര്‍പ്ലേ ഓവറുകളില്‍ മികച്ച തുടക്കം കിട്ടിയിട്ടും ആര്‍സിബി ഇന്നലെ തോല്‍ക്കാന്‍ കാരണം മധ്യനിരബാറ്റര്‍മാര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുകൊണ്ടാണ്. തുടക്കത്തില്‍ ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്‍കിയ റണ്ണൊഴുക്ക് പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞില്ല. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. വെടിക്കെട്ട് ബാറ്ററെന്ന് പേരുകേട്ട ലിയാം ലിവിങ്സ്റ്റണ്‍ ഇന്നലത്തെ മത്സരത്തിലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. നാല് റണ്‍സ് മാത്രമാണ് ഡല്‍ഹിക്കെതിരെ ലിവിങ്സ്റ്റണ്‍ നേടിയത്.

8.75 കോടിക്കാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ ബെംഗളൂരു മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും താരത്തില്‍ നിന്നുണ്ടായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നായി 83 റണ്‍സ് മാത്രമാണ് താരം നേടിയത്. 20.75 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് ആവട്ടെ 133.87ഉം. ഈ സീസണില്‍ പത്ത് പന്തുകളെങ്കിലും ലിവിങ്സ്റ്റണ്‍ കളിച്ചത് ഒറ്റ തവണ മാത്രമാണ്.

ഈ സീസണില്‍ തന്നെ നിരാശപ്പെടുത്തിയ ഒരേ ഒരു ഓവര്‍സീസ് പ്ലെയര്‍ ലിവിങ്സ്റ്റണ്‍ ആണെന്ന്‌ പറയുകയാണ് മുന്‍ഇന്ത്യന്‍ താരം മനോജ് തിവാരി. ലിവിങ്സ്റ്റണ്‍ അടുത്ത മാക്‌സ്‌വെല്‍ ആയിരിക്കുകയാണ്. അവന്റെ ഷോട്ട് സെലക്ഷന്‍ നോക്കുകയാണെങ്കില്‍ പരിചയസമ്പന്നനായ ഒരു അന്താരാഷ്ട്ര പ്ലെയര്‍ ആണെങ്കിലും എല്ലായ്‌പ്പോഴും സമാനമായ രീതിയില്‍ പുറത്താകുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെതിനെതിരെ നടന്ന കഴിഞ്ഞ മത്സരം നോക്കുകയാണെങ്കില്‍ അദ്ദേഹം നാല് അവസരങ്ങള്‍ നല്‍കി. അതിനുശേഷം മാത്രമാണ് അവന്‍ റണ്‍സ് നേടിയത്, മനോജ് തിവാരി പറഞ്ഞു.