ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയോട് ചോദ്യവുമായി മനോജ് തിവാരി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടും എന്തുകൊണ്ട് അടുത്ത മത്സരങ്ങളില്‍ ഞാന്‍ പ്ലേയിംഗ് ഇലവന് പുറത്തായി എന്നാണ് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിയോട് തിവാരി ചോദിക്കുന്നത്.
2011ല്‍ സെഞ്ച്വറി നേടിയ ശേഷം എന്തുകൊണ്ട് പ്ലേയിംഗ് ഇലവന് പുറത്തായി എന്ന ചോദ്യം എംഎസ് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പോലൊരു ബാറ്റിംഗ് ഹീറോയാവാനുള്ള കഴിവുണ്ടായിട്ടും എനിക്ക് അതിന് സാധിച്ചില്ല. ഏറെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ന് ടിവിയില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഏറെ സങ്കടമുണ്ട്- മനോജ് തിവാരി പറഞ്ഞു.
65 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതിന് ശേഷം, എന്റെ ബാറ്റിംഗ് ശരാശരി ഏകദേശം 65 ആയിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍, ഞാന്‍ ഒരു പരിശീലന മത്സരത്തില്‍ 130 റണ്‍സ് നേടി. മറ്റൊരു പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 93 റണ്‍സ് നേടി. പക്ഷേ എനിക്ക് അവസരം തരാതെ പകരം യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. ഒരു ടെസ്റ്റ് ക്യാപ്പിനായി ഞാന്‍ അവഗണിക്കപ്പെട്ടു. എന്റെ സെഞ്ച്വറിക്ക് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ചതിന് ശേഷവും ഞാന്‍ അവഗണിക്കപ്പെട്ടു, തുടര്‍ച്ചയായ 14 മത്സരങ്ങളില്‍ ഞാന്‍ അവഗണിക്കപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more
രഞ്ജി ട്രോഫി 2024 സീസണില്‍ ബംഗാളിനെ നയിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പാഡഴിച്ചതിന് പിന്നാലെയാണ് ധോണിയെ ചോദ്യം ചെയ്ച് 38കാരനായ മനോജ് തിവാരി രംഗത്തുവന്നത്. 2004ല്‍ അരങ്ങേറ്റം കുറിച്ച താരം 147 മത്സരങ്ങളില്‍ നിന്ന് 10,000-ത്തിലധികം റണ്‍സുമായിട്ടാണ് ഫസ്റ്റ് ക്ലാസ് കരിയര്‍ അവസാനിപ്പിച്ചത്.