ചെന്നൈ സൂപ്പർ കിംഗ്‌സിനും (സിഎസ്‌കെ), പഞ്ചാബ് കിംഗ്‌സിനും (പിബികെഎസ്) എതിരെയുള്ള മികച്ച സ്പെല്ലുകളുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പേസർ യാഷ് ദയാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലേക്ക് മികച്ച ഒരു തുടക്കം കുറിച്ചിരിക്കുകയാണ്.
നാല് ഓവറിൽ 1-23 എന്ന അദ്ദേഹത്തിൻ്റെ സ്പെൽ തിങ്കളാഴ്ച ആദ്യ ഇന്നിംഗ്‌സിൽ പിബികെഎസിനെ 176-6 ലേക്ക് പരിമിതപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു. ഓവറുകൾ എറിയാൻ നിയോഗിക്കപ്പെട്ട ദയാൽ പവർപ്ലേയിൽ മൂന്ന് ഓവർ എറിഞ്ഞപ്പോൾ 10 റൺസ് മാത്രമാണ് വഴങ്ങിയത്. ഇന്നിംഗ്‌സിൻ്റെ 17-ാം ഓവർ എറിയാൻ തിരിച്ചെത്തിയ പേസർ മികച്ച ബൗൺസറിലൂടെ സാം കുറൻ്റെ വിക്കറ്റ് സ്വന്തമാക്കി.
2024 ലെ ഐപിഎൽ മിനി ലേലത്തിൽ 5 കോടി രൂപയ്ക്ക് യാഷ് ദയാലിനെ ആർസിബി തിരഞ്ഞെടുത്തു. ഗുജറാത്ത് ടൈറ്റൻസുമായി ചേർന്ന് ആണ് കഴിഞ്ഞ സീസണിൽ താരം പ്രവർത്തിച്ചത് . എന്നിരുന്നാലും, 2023 ഐപിഎല്ലിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) നടന്ന മത്സരത്തിൽ റിങ്കു സിംഗ് തുടർച്ചയായി അഞ്ച് സിക്‌സറുകൾ അടിച്ചതോടെ അത് കരിയറിൽ അപ്രതീക്ഷിതമായി കിട്ടിയ മുറിവായി മാറി.
ആ മത്സരത്തിന് ശേഷം താരം പിന്നെ സീസണിൽ കളത്തിൽ ഇറങ്ങിയില്ല. എല്ലാ അർത്ഥത്തിലും തകർന്ന അവസ്ഥയിലായിരുന്നു ബോളർ ആ സമയത്ത് നിന്നത്. ശക്തമായ വിജയ് ഹസാരെ ട്രോഫി സീസണും രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങളും ഉൾപ്പെടുന്ന പരാജയത്തിൽ നിന്ന് താൻ എങ്ങനെ തിരിച്ചുവന്നുവെന്ന് പേസർ അടുത്തിടെ തുറന്നുപറഞ്ഞു.
“സത്യം പറഞ്ഞാൽ, മത്സരം അവസാനിച്ച് ഞാൻ ഗ്രൗണ്ട് വിട്ടപ്പോഴാണ് പ്രശ്‌നം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ നോക്കരുതെന്ന് എന്നോട് പലരും പറഞ്ഞു, പക്ഷേ ഞാൻ അത് പരിശോധിച്ചു. പിന്നീട് ഞാൻ എൻ്റെ കുടുംബവുമായി സംസാരിച്ചു. ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ കണ്ടു. ഞാൻ എല്ലാത്തിനെയും നേരിടാൻ ഞാൻ തയാറായി” ദയാൽ മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ മുഹമ്മദ് സിറാജിനോട് പറഞ്ഞു.
“ആ സംഭവം നടന്ന് 2-3 ദിവസങ്ങൾക്ക് ശേഷം എനിക്ക് അസുഖം വന്നു, പിന്നീട് അതിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചു. ഇതിലെല്ലാം ആദ്യമായി കടന്നുപോകുന്നത് ഞാനല്ല, അവസാനത്തേതും ഞാനായിരിക്കില്ല. അതിനാൽ, ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ പ്രക്രിയ, കഴിയുന്നത്ര മത്സരങ്ങൾ കളിക്കാൻ ശ്രമിച്ചു, അത്തരം സാഹചര്യങ്ങളെ എനിക്ക് നേരിടാൻ കഴിയുന്ന ഒരു സോണിലേക്ക് കടക്കാൻ ശ്രമിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിൽ മികച്ച പ്രകടനം തുടർന്ന് പോയ് കാലങ്ങളിൽ കേട്ട എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാനാണ് താരത്തിന്റെ ലക്ഷ്യം.