ഐപിഎല്ലില്‍ റിങ്കു സിംഗിനെ മടക്കിയ എവിന്‍ ലൂയിസിന്റെ ഇടംകൈയന്‍ ക്യാച്ചിനെ പ്രശംസിച്ച് സഹതാരം മാര്‍ക്കസ് സ്റ്റോയിനിസ്. ക്രിക്കറ്റ് എന്നാല്‍ ഇതാണെന്നും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലൂയിസിന് നല്‍കുകയാണെന്നും സ്‌റ്റോയിനിസ് പറഞ്ഞു. സ്റ്റോയിനിസിന്‍രെ ഡെലിവറിലാണ് റിങ്കുവിനെ ലൂയിസ് കൈപ്പിടിയിലൊതുക്കിയത്.
‘പന്ത് എവിന്‍ ലൂയിസിനു നേര്‍ക്കാണു പോകുന്നതെന്നു കരുതിയതേയില്ല. പിന്നീടു നോക്കുമ്പോള്‍ പന്തു ദാ ലൂയിസിന്റെ കയ്യിലുണ്ട്. അത് ലൂയിസ് പിടിച്ചെന്നു വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലൂയിസിന് നല്‍കുകയാണ്.’
‘മത്സരത്തിന് ഉടനീളം ലൂയിസ് ടീമിന് ഉണര്‍വേകി. ബാറ്റു ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നു ലൂയിസ്. ഒടുവില്‍ ഉജ്വല ഇടംകൈയന്‍ ക്യാച്ചാണു സ്വന്തമാക്കിയത്. ക്രിക്കറ്റ് എന്നാല്‍ ഇതാണ്’ മത്സരശേഷം സ്റ്റോയ്‌നിസ് പ്രതികരിച്ചു.
മാര്‍ക്കസ് സ്റ്റോയിനിസ് ചെയ്ത അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 21 റണ്‍സായിരുന്നു. സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറടിച്ച റിങ്കു അടുത്ത രണ്ട് പന്തുകളിലും സിക്സടിച്ച് കളിയുടെ ഗതിമാറ്റി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.
അഞ്ചാം പന്തില്‍ സിക്സ് അടിക്കാനുള്ള റിങ്കുവിന്റെ ശ്രമം തകര്‍പ്പന്‍ ക്യാച്ചിലൂടെ ലൂയിസ് വിഫലമാക്കി. ഉയര്‍ന്നുവന്ന ക്യാച്ചിലേക്ക് ഓടിവന്ന ലൂയിസ് ഒറ്റക്കൈ കൊണ്ട് ക്യാച്ചെടുത്ത് ഏവരെയും അത്ഭുതപ്പെടുത്തി. ഈ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമായി.