ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പതറുമ്പോഴും ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി ഒരു പരിക്കിന്റെ വാര്‍ത്ത. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഐഡന്‍ മാര്‍ക്രത്ത് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ല. ജൊഹന്നാസ് ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുമോയെന്ന ഭീതിയില്‍ കളിക്കുന്ന ടീം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. രണ്ടാം ടെസ്റ്റില്‍ 94 റണ്‍സെടുത്ത മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ മൂന്നൂറിലധികം റണ്‍സ് നേടിയത്. ഇത് ദക്ഷിണാഫ്രിക്കയെ മത്സരം വിജയിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചിട്ടുണ്ട്.

നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റിനിടെ പരിക്കിനെത്തുടര്‍ന്ന് മാര്‍ക്രം ഫീല്‍ഡില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് സബ്സ്റ്റിറ്റിയൂട്ട് താരമായ ഡി ബ്ര്യൂയിനാണ്, മാര്‍ക്രത്തിന് പകരം ഫീല്‍ഡിംഗിനിറങ്ങിയത്. മൂന്നാംടെസ്റ്റില്‍ ഡിബ്ര്യൂയിന്‍ ആദ്യ ഇലവനില്‍ എത്തും എന്നാണ് സൂചനകള്‍.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടാതിരിക്കാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. 287 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യയ്ക്ക് 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മുരളി വിജയം, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ടീം ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ടീം ഇന്ത്യ 252 റണ്‍സ് പിന്നിലാണ്. അഞ്ച് റണ്‍സുമായി പാര്‍ത്ഥീവ് പട്ടേലും 11 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ആണ് ക്രീസില്‍.