ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ച് ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍. മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ തഴഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് ലബുഷെയ്ന്‍ തിരഞ്ഞെടുത്തത്.
സാഹസികതയില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്സ്മാനാണ് രോഹിത്- ലബ്യുഷെയ്ന്‍ പറഞ്ഞു. ഫോക്സ് സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് രോഹിത്താവും ലോകകപ്പിലെ താരമാവുകയെന്ന് ലബുഷെയ്ന്‍ അഭിപ്രായപ്പെട്ടത്.
ഏകദിന പരമ്പരക്ക് ശേഷം രോഹിത് ശര്‍മയുമായി സംസാരിച്ചതിനെക്കുറിച്ചും ലബുഷെയ്ന്‍ പറഞ്ഞു. ‘രോഹിത്തിനോടൊപ്പം നടന്നുപോകവെ ഞാന്‍ പറഞ്ഞു നിങ്ങള്‍ ചെയ്യുന്നതെല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളില്‍നിന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
‘അപ്പോള്‍ രോഹിത് പറഞ്ഞത് ഇന്ത്യയില്‍ നിങ്ങള്‍ സന്ദര്‍ശക ടീമാണെന്നും അതുകൊണ്ടുതന്നെ ഓരോ മത്സരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും വളരാനും ശ്രമിക്കണമെന്നാണ്’- ലബുഷെയ്ന്‍ പറഞ്ഞു.
രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യാ കപ്പില്‍ തിളങ്ങിയ രോഹിത് ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.